Publicidade

Provérbios 14

1 സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു;

ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു.

2 നേരായി നടക്കുന്നവൻ യഹോവാഭക്തൻ;

നടപ്പിൽ വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു.

3 ഭോഷന്റെവായിൽ ഡംഭത്തിന്റെ വടിയുണ്ടു;

ജ്ഞാനികളുടെ അധരങ്ങളോ അവരെ കാത്തുകൊള്ളുന്നു.

4 കാളകൾ ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു;

കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ടു.

5 വിശ്വസ്തസാക്ഷി ഭോഷ്കു പറകയില്ല;

കള്ളസ്സാക്ഷിയോ ഭോഷ്കു നിശ്വസിക്കുന്നു.

6 പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല;

വിവേകമുള്ളവന്നോ പരിജ്ഞാനം എളുപ്പം.

7 മൂഢന്റെ മുമ്പിൽനിന്നു മാറിപ്പോക;

പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല.

8 വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം;

ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്വം.

9 ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു;

നേരുള്ളവർക്കോ തമ്മിൽ പ്രീതി ഉണ്ടു.

10 ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു;

അതിന്റെ സന്തോഷത്തിലും അന്യൻ ഇടപെടുന്നില്ല.

11 ദുഷ്ടന്മാരുടെ വീടു മുടിഞ്ഞുപോകും;

നീതിമാന്റെ കൂടാരമോ തഴെക്കും.

12 ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും;

അതിന്റെ അവസാനമോ മരണവഴികൾ അത്രേ.

13 ചിരിക്കുമ്പോൾ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം;

സന്തോഷത്തിന്റെ അവസാനം ദുഃഖമാകയുമാം.

14 ഹൃദയത്തിൽ വിശ്വാസത്യാഗമുള്ളവന്നു തന്റെ നടപ്പിൽ മടുപ്പുവരും;

നല്ല മനുഷ്യനോ തന്റെ പ്രവൃത്തിയാൽ തന്നേ തൃപ്തിവരും.

15 അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു;

സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.

16 ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു;

ഭോഷനോ ധിക്കാരംപൂണ്ടു നിർഭയനായി നടക്കുന്നു.

17 മുൻകോപി ഭോഷത്വം പ്രവർത്തിക്കുന്നു;

ദുരുപായി ദ്വേഷിക്കപ്പെടും.

18 അല്പബുദ്ധികൾ ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു;

സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.

19 ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലും

ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്ക്കലും വണങ്ങിനില്ക്കുന്നു.

20 ദരിദ്രനെ കൂട്ടുകാരൻ പോലും പകെക്കുന്നു;

ധനവാന്നോ വളരെ സ്നേഹിതന്മാർ ഉണ്ടു.

21 കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു;

എളിയവരോടു കൃപകാണിക്കുന്നവനോ ഭാഗ്യവാൻ.

22 ദോഷം നിരൂപിക്കുന്നവർ ഉഴന്നുപോകുന്നില്ലയോ?

നന്മ നിരൂപിക്കുന്നവർക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു.

23 എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും;

അധരചർവ്വണംകൊണ്ടോ ഞെരുക്കമേ വരു.

24 ജ്ഞാനികളുടെ ധനം അവർക്കു കിരീടം;

മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്വം തന്നേ.

25 സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു;

ഭോഷ്കു നിശ്വസിക്കുന്നവനോ വഞ്ചന ചെയ്യുന്നു.

26 യഹോവാഭക്തന്നു ദൃഢധൈര്യം ഉണ്ടു;

അവന്റെ മക്കൾക്കും ശരണം ഉണ്ടാകും.

27 യഹോവാഭക്തി ജീവന്റെ ഉറവാകുന്നു;

അതിനാൽ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും.

28 പ്രജാബാഹുല്യം രാജാവിന്നു ബഹുമാനം;

പ്രജാന്യൂനതയോ പ്രഭുവിന്നു നാശം.

29 ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ;

മുൻകോപിയോ ഭോഷത്വം ഉയർത്തുന്നു.

30 ശാന്തമനസ്സു ദേഹത്തിന്നു ജീവൻ;

അസൂയയോ അസ്തികൾക്കു ദ്രവത്വം.

31 എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു;

ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു.

32 ദുഷ്ടന്നു തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു;

നീതിമാന്നോ മരണത്തിലും പ്രത്യാശയുണ്ടു.

33 വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു;

മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളതോ വെളിപ്പെട്ടുവരുന്നു.

34 നീതി ജാതിയെ ഉയർത്തുന്നു;

പാപമോ വംശങ്ങൾക്കു അപമാനം.

35 ബുദ്ധിമാനായ ദാസന്നു രാജാവിന്റെ പ്രീതി ലഭിക്കുന്നു;

നാണംകെട്ടവന്നോ അവന്റെ കോപം നേരിടും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-