Publicidade

Provérbios 31

1 ലെമൂവേൽരാജാവിന്റെ വചനങ്ങൾ;

അവന്റെ അമ്മ അവന്നു ഉപദേശിച്ചു കൊടുത്ത അരുളപ്പാടു.

2 മകനേ, എന്തു? ഞാൻ പ്രസവിച്ച മകനേ എന്തു?

എന്റെ നേർച്ചകളുടെ മകനേ, എന്തു?

3 സ്ത്രീകൾക്കു നിന്റെ ബലത്തെയും

രാജാക്കന്മാരെ നശിപ്പിക്കുന്നവർക്കു നിന്റെ വഴികളെയും കൊടുക്കരുതു.

4 വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കു കൊള്ളരുതു;

ലെമൂവേലേ, രാജാക്കന്മാർക്കു അതു കൊള്ളരുതു;

മദ്യസക്തി പ്രഭുക്കന്മാർക്കു കൊള്ളരുതു.

5 അവർ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും

അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുതു.

6 നശിക്കുമാറായിരിക്കുന്നവന്നു മദ്യവും

മനോവ്യസനമുള്ളവന്നു വീഞ്ഞും കൊടുക്ക.

7 അവൻ കുടിച്ചിട്ടു തന്റെ ദാരിദ്ര്യം മറക്കയും

തന്റെ അരിഷ്ടത ഓർക്കാതിരിക്കയും ചെയ്യട്ടെ.

8 ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക;

ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തിൽ തന്നേ.

9 നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക;

എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക.

10 സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും?

അവളുടെ വില മുത്തുകളിലും ഏറും.

11 ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു;

അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല.

12 അവൾ തന്റെ ആയുഷ്കാലമൊക്കെയും

അവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു.

13 അവൾ ആട്ടുരോമവും ചണവും സമ്പാദിച്ചു

താല്പര്യത്തോടെ കൈകൊണ്ടു വേലചെയ്യുന്നു.

14 അവൾ കച്ചവടക്കപ്പൽപോലെയാകുന്നു;

ദൂരത്തുനിന്നു ആഹാരം കൊണ്ടുവരുന്നു.

15 അവൾ നന്നരാവിലെ എഴുന്നേറ്റു, വീട്ടിലുള്ളവർക്കു ആഹാരവും

വേലക്കാരത്തികൾക്കു ഓഹരിയും കൊടുക്കുന്നു.

16 അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു;

കൈനേട്ടംകൊണ്ടു അവൾ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.

17 അവൾ ബലംകൊണ്ടു അര മുറക്കുകയും

ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു.

18 തന്റെ വ്യാപാരം ആദായമുള്ളതെന്നു അവൾ ഗ്രഹിക്കുന്നു;

അവളുടെ വിളക്കു രാത്രിയിൽ കെട്ടുപോകുന്നതുമില്ല.

19 അവൾ വിടുത്തലെക്കു കൈ നീട്ടുന്നു;

അവളുടെ വിരൽ കതിർ പിടിക്കുന്നു.

20 അവൾ തന്റെ കൈ എളിയവർക്കു തുറക്കുന്നു;

ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.

21 തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല;

അവളുടെ വീട്ടിലുള്ളവർക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ.

22 അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു;

ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു.

23 ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ

അവളുടെ ഭർത്താവു പട്ടണവാതില്ക്കൽ പ്രസിദ്ധനാകുന്നു.

24 അവൾ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു;

അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.

25 ബലവും മഹിമയും അവളുടെ ഉടുപ്പു;

ഭാവികാലം ഓർത്തു അവൾ പുഞ്ചിരിയിടുന്നു.

26 അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു;

ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ടു.

27 വീട്ടുകാരുടെ പെരുമാറ്റം അവൾ സൂക്ഷിച്ചുനോക്കുന്നു;

വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല.

28 അവളുടെ മക്കൾ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു;

അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നതു:

29 അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ടു;

നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.

30 ലാവണ്യം വ്യാജവും സൗന്ദര്യം വ്യർത്ഥവും ആകുന്നു;

യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.

31 അവളുടെ കൈകളുടെ ഫലം അവൾക്കു കൊടുപ്പിൻ;

അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതില്ക്കൽ അവളെ പ്രശംസിക്കട്ടെ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-