Publicidade

Provérbios 18

1 കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു;

സകലജ്ഞാനത്തോടും അവൻ കയർക്കുന്നു.

2 തന്റെ മനസ്സു വെളിപ്പെടുത്തുന്നതിൽ അല്ലാതെ

മൂഢന്നു ബോധത്തിൽ ഇഷ്ടമില്ല.

3 ദുഷ്ടനോടുകൂടെ അപമാനവും

ദുഷ്കീർത്തിയോടുകൂടെ നിന്ദയും വരുന്നു.

4 മനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും

ജ്ഞാനത്തിന്റെ ഉറവു ഒഴുക്കുള്ള തോടും ആകുന്നു.

5 നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന്നു

ദുഷ്ടന്റെ പക്ഷം പിടിക്കുന്നതു നന്നല്ല.

6 മൂഢന്റെ അധരങ്ങൾ വഴക്കിന്നു ഇടയാക്കുന്നു;

അവന്റെ വായ് തല്ലു വിളിച്ചുവരുത്തുന്നു.

7 മൂഢന്റെ വായ് അവന്നു നാശം;

അവന്റെ അധരങ്ങൾ അവന്റെ പ്രാണന്നു കണി.

8 ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു;

അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.

9 വേലയിൽ മടിയനായവൻ

മുടിയന്റെ സഹോദരൻ.

10 യഹോവയുടെ നാമം ബലമുള്ള ഗോപുരം;

നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.

11 ധനവാന്നു തന്റെ സമ്പത്തു ഉറപ്പുള്ള പട്ടണം;

അതു അവന്നു ഉയർന്ന മതിൽ ആയിത്തോന്നുന്നു.

12 നാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു;

മാനത്തിന്നു മുമ്പെ താഴ്മ.

13 കേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു

അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു.

14 പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും;

തകർന്ന മനസ്സിനെയോ ആർക്കു സഹിക്കാം?

15 ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു;

ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.

16 മനുഷ്യൻ വെക്കുന്ന കാഴ്ചയാൽ അവന്നു പ്രവേശനം കിട്ടും;

അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും.

17 തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്നു തോന്നും;

എന്നാൽ അവന്റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും.

18 ചീട്ടു തർക്കങ്ങളെ തീർക്കയും

ബലവാന്മാരെ തമ്മിൽ വേറുപെടുത്തുകയും ചെയ്യുന്നു.

19 ദ്രോഹിക്കപ്പെട്ട സഹോദരൻ ഉറപ്പുള്ള പട്ടണത്തെക്കാൾ ദുർജ്ജയനാകുന്നു;

അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ തന്നേ.

20 വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും;

അധരങ്ങളുടെ വിളവുകൊണ്ടു അവന്നു തൃപ്തിവരും;

21 മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു;

അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും.

22 ഭാര്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു;

യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.

23 ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു;

ധനവാനോ കഠിനമായി ഉത്തരം പറയുന്നു.

24 വളരെ സ്നേഹിതന്മാരുള്ള മനുഷ്യന്നു നാശം വരും;

എന്നാൽ സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ടു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-