Publicidade

Provérbios 12

1 പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു;

ശാസന വെറുക്കുന്നവനോ മൃഗപ്രായൻ.

2 ഉത്തമൻ യഹോവയോടു പ്രസാദം പ്രാപിക്കുന്നു;

ദുരുപായിക്കോ അവൻ ശിക്ഷ വിധിക്കുന്നു.

3 ഒരു മനുഷ്യനും ദുഷ്ടതകൊണ്ടു സ്ഥിരപ്പെടുകയില്ല;

നീതിമാന്മാരുടെ വേരോ ഇളകിപ്പോകയില്ല.

4 സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന്നു ഒരു കിരീടം;

നാണംകെട്ടവളോ അവന്റെ അസ്ഥികൾക്കു ദ്രവത്വം.

5 നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം,

ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ.

6 ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാൻ പറഞ്ഞൊക്കുന്നു;

നേരുള്ളവരുടെ വാക്കോ അവരെ വിടുവിക്കുന്നു.

7 ദുഷ്ടന്മാർ മറിഞ്ഞുവീണു ഇല്ലാതെയാകും;

നീതിമാന്മാരുടെ ഭവനമോ നിലനില്ക്കും.

8 മനുഷ്യൻ തന്റെ ബുദ്ധിക്കു ഒത്തവണ്ണം ശ്ലാഘിക്കപ്പെടുന്നു;

വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.

9 മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന്നു മുട്ടുള്ളവനെക്കാൾ

ലഘുവായി മതിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവൻ ശ്രേഷ്ഠൻ ആകുന്നു.

10 നീതിമാൻ തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നു;

ദുഷ്ടന്മാരുടെ ഉള്ളമോ ക്രൂരമത്രെ.

11 നിലം കൃഷി ചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും;

നിസ്സാരന്മാരെ പിൻചെല്ലുന്നവനോ ബുദ്ധിഹീനൻ.

12 ദുഷ്ടൻ ദോഷികളുടെ കവർച്ച ആഗ്രഹിക്കുന്നു;

നീതിമാന്മാരുടെ വേരോ ഫലം നല്കുന്നു.

13 അധരങ്ങളുടെ ലംഘനത്തിൽ വല്ലാത്ത കണിയുണ്ടു;

നീതിമാനോ കഷ്ടത്തിൽനിന്നു ഒഴിഞ്ഞുപോരും.

14 തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ചു തൃപ്തനാകും;

തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന്നു കിട്ടും.

15 ഭോഷന്നു തന്റെ വഴി ചൊവ്വായ്തോന്നുന്നു;

ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു.

16 ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു;

വിവേകമുള്ളവനോ ലജ്ജ അടക്കിവെക്കുന്നു.

17 സത്യം പറയുന്നവൻ നീതി അറിയിക്കുന്നു;

കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു.

18 വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു;

ജ്ഞാനികളുടെ നാവോ സുഖപ്രദം.

19 സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും;

വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുള്ളു.

20 ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവു ഉണ്ടു;

സമാധാനം ആലോചിക്കുന്നവർക്കോ സന്തോഷം ഉണ്ടു.

21 നീതിമാന്നു ഒരു തിന്മയും ഭവിക്കയില്ല;

ദുഷ്ടന്മാരോ അനർത്ഥംകൊണ്ടു നിറയും.

22 വ്യാജമുള്ള അധരങ്ങൾ യഹോവെക്കു വെറുപ്പു;

സത്യം പ്രവർത്തിക്കുന്നവരോ അവന്നു പ്രസാദം.

23 വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവെക്കുന്നു;

ഭോഷന്മാരുടെ ഹൃദയമോ ഭോഷത്വം പ്രസിദ്ധമാക്കുന്നു.

24 ഉത്സാഹികളുടെ കൈ അധികാരം നടത്തും;

മടിയനോ ഊഴിയവേലെക്കു പോകേണ്ടിവരും.

25 മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു;

ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.

26 നീതിമാൻ കൂട്ടുകാരന്നു വഴികാട്ടിയാകുന്നു;

ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു.

27 മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല;

ഉത്സാഹമോ മനുഷ്യന്നു വിലയേറിയ സമ്പത്താകുന്നു.

28 നീതിയുടെ മാർഗ്ഗത്തിൽ ജീവനുണ്ടു;

അതിന്റെ പാതയിൽ മരണം ഇല്ല.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-