1 മകനേ, എന്റെ ഉപദേശം മറക്കരുതു;
നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.
2 അവ ദീർഘായുസ്സും ജീവകാലവും
സമാധാനവും നിനക്കു വർദ്ധിപ്പിച്ചുതരും.
3 ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു;
അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊൾക;
നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊൾക.
4 3:4 ലൂക്കൊസ് 2:52 അങ്ങനെ നീ ദൈവത്തിന്നും മനുഷ്യർക്കും ബോദ്ധ്യമായ
ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും.
5 പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക;
സ്വന്ത വിവേകത്തിൽ ഊന്നരുതു.
6 നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക;
അവൻ നിന്റെ പാതകളെ നേരെയാക്കും;
7 3:7 റോമർ 12:16 നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു;
യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക.
8 അതു നിന്റെ നാഭിക്കു ആരോഗ്യവും
അസ്ഥികൾക്കു തണുപ്പും ആയിരിക്കും.