1 എന്നാൽ കഷ്ടതയിലായിരുന്ന ജനത്തിന്റെമേൽ ഇനിയൊരിക്കലും അന്ധകാരം ഉണ്ടാകുകയില്ല. മുൻകാലത്ത് അവിടന്ന് സെബൂലൂൻ ദേശത്തോടും നഫ്താലി ദേശത്തോടും നിന്ദയോടെ പെരുമാറി; എന്നാൽ പിൽക്കാലത്ത് കടൽക്കരെ, യോർദാനക്കരെ, ജനതകൾ വസിക്കുന്ന ഗലീലാദേശത്തിന് അവിടന്നു മഹത്ത്വം വരുത്തും.
2 ഇരുട്ടിൽ നടന്ന ജനം
വലിയൊരു പ്രഭ ദർശിച്ചു;
കൂരിരുട്ടിന്റെ ദേശത്തു താമസിച്ചവരുടെമേൽ
ഒരു പ്രകാശം ഉദിച്ചു.
3 അങ്ങ് രാഷ്ട്രം വിസ്തൃതമാക്കുകയും
അവരുടെ ആനന്ദം അധികമാക്കുകയും ചെയ്തു.
കൊയ്ത്തുകാലത്ത് ആനന്ദിക്കുന്നതുപോലെയും
കൊള്ള പങ്കിടുമ്പോൾ യോദ്ധാക്കൾ
ആഹ്ലാദിക്കുന്നതുപോലെയും
അവർ അങ്ങയുടെ സന്നിധിയിൽ ആനന്ദിക്കുന്നു.
4 അവരുടെ ഭാരമുള്ള നുകവും
അവരുടെ ചുമലിലെ നുകക്കോലും
അവരെ പീഡിപ്പിക്കുന്നവരുടെ വടിയും
മിദ്യാന്റെകാലത്ത് എന്നപോലെ
അങ്ങ് ഒടിച്ചുകളഞ്ഞിരിക്കുന്നു.
5 യുദ്ധത്തിൽ ഉപയോഗിച്ച എല്ലാ യോദ്ധാക്കളുടെയും ചെരിപ്പും
രക്തംപുരണ്ട ഓരോ അങ്കിയും
അഗ്നിക്ക് ഇന്ധനമായി
എരിഞ്ഞടങ്ങും.
6 എന്തെന്നാൽ നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു,
നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു,
ആധിപത്യം അവന്റെ തോളിലായിരിക്കും.
അവൻ ഇപ്രകാരം വിളിക്കപ്പെടും:
അത്ഭുതമന്ത്രി, ശക്തനായ ദൈവം,
നിത്യപിതാവ്, സമാധാനപ്രഭു.