4 "ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു?
നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്കുക.
5 അതിന്റെ അളവ് നിയമിച്ചവൻ ആര്? നീ അറിയുന്നുവോ?
അല്ല, അതിന് അളവുനൂൽ പിടിച്ചവനാര്?
6 അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു?
അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആര്?
7 പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ച് ഘോഷിച്ചുല്ലസിക്കുകയും
ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ?
8 "ഗർഭത്തിൽനിന്ന് എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ
അതിനെ കതകുകളാൽ അടച്ചവൻ ആര്?
9 അന്നു ഞാൻ മേഘത്തെ അതിന് ഉടുപ്പും
കൂരിരുളിനെ അതിനു ചുറ്റാടയും ആക്കി;
10 ഞാൻ അതിന് അതിര് നിയമിച്ചു
കതകും ഓടാമ്പലും വച്ചു.
11 ‘ഇത്രത്തോളം നിനക്കുവരാം; ഇത് കടക്കരുത്;
ഇവിടെ നിന്റെ തിരമാലകളുടെ ഗർവ്വം നിലയ്ക്കും’ എന്നു കല്പിച്ചു.