12 "എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും?
വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?
13 അതിന്റെ വില മനുഷ്യൻ അറിയുന്നില്ല;
ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്തുന്നില്ല.
14 അത് എന്നിൽ ഇല്ല എന്നു ആഴമേറിയ സമുദ്രം പറയുന്നു;
അത് എന്റെ പക്കൽ ഇല്ല എന്നു കടലും പറയുന്നു.
15 സ്വർണ്ണം കൊടുത്താൽ അത് കിട്ടുന്നതല്ല;
അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറില്ല.
16 ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ
നീലരത്നമോ ഒന്നും അതിന് പകരമാകുകയില്ല;
17 സ്വർണ്ണവും സ്ഫടികവും അതിന് തുല്ല്യമല്ല;
തങ്കആഭരണങ്ങൾ പകരം കൊടുത്ത് അത് നേടാൻ കഴിയുകയില്ല.
18 പവിഴത്തിന്റെയും പളുങ്കിന്റെയും പേര് പറയുകയും വേണ്ടാ;
ജ്ഞാനത്തിന്റെ വില മുത്തുകളേക്കാൾ അധികമാണ്.
19 കൂശിലെ പുഷ്യരാഗം അതിനോട് സമമല്ല;
തങ്കംകൊണ്ട് അതിന്റെ വില മതിക്കാകുന്നതുമല്ല.
20 "പിന്നെ ജ്ഞാനം എവിടെനിന്ന് വരുന്നു?
വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?
21 അത് സകലജീവികളുടെയും കണ്ണുകൾക്ക് മറഞ്ഞിരിക്കുന്നു;
ആകാശത്തിലെ പക്ഷികൾക്ക് അത് മറഞ്ഞിരിക്കുന്നു.
22 ഞങ്ങളുടെ ചെവികൊണ്ട് അതിനെപ്പറ്റി കേട്ടിട്ടുണ്ട്
എന്നു നാശവും മരണവും പറയുന്നു.