ഉപസംഹാരം: യഹോവ ഇയ്യോബിനെ അനുഗ്രഹിക്കുന്നു
7 യഹോവ ഈ വചനങ്ങൾ ഇയ്യോബിനോട് അരുളിച്ചെയ്തശേഷം യഹോവ തേമാന്യനായ എലീഫസിനോട് അരുളിച്ചെയ്തത്: "നിന്നോടും നിന്റെ രണ്ടു സ്നേഹിതന്മാരോടും എനിക്കു കോപം ജ്വലിച്ചിരിക്കുന്നു; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ച് വിഹിതമായത് സംസാരിച്ചിട്ടില്ല. 8 ആകയാൽ നിങ്ങൾ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും എന്റെ ദാസനായ ഇയ്യോബിന്റെ അടുക്കൽ കൊണ്ടുചെന്ന് നിങ്ങൾക്ക് വേണ്ടി ഹോമയാഗം അർപ്പിക്കുവിൻ; എന്‍റെ ദാസനായ ഇയ്യോബ് നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കും; ഞാൻ അവന്റെ മുഖം ആദരിച്ച് നിങ്ങളുടെ മൂഢതയ്ക്കു തക്കവണ്ണം നിങ്ങളോട് ചെയ്യാതിരിക്കും; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ച് വിഹിതമായത് സംസാരിച്ചിട്ടില്ലല്ലോ."