Publicidade

Jó 27

1 ഇയ്യോബ് തന്റെ സുഭാഷിതം തുടർന്നു ചൊല്ലിയതെന്തെന്നാൽ:

2 എന്റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ,

എനിക്കു മനോവ്യസനം വരുത്തിയ സർവ്വശക്തനാണ -

3 എന്റെ പ്രാണൻ മുഴുവനും എന്നിലും

ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ -

4 എന്റെ അധരം നീതികേടു സംസാരിക്കയില്ല;

എന്റെ നാവു വ്യാജം ഉച്ചരിക്കയുമില്ല.

5 നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കയില്ല;

മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയുമില്ല.

6 എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു;

എന്റെ ഹൃദയം എന്റെ നാളുകളിൽ ഒന്നിനെയും ആക്ഷേപിക്കുന്നില്ല.

7 എന്റെ ശത്രു ദുഷ്ടനെപ്പോലെയും

എന്റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ.

8 ദൈവം വഷളനെ ഛേദിച്ചു അവന്റെ പ്രാണനെ എടുത്തുകളഞ്ഞാൽ

അവന്നു എന്തു പ്രത്യാശ ശേഷിപ്പുള്ളു?

9 അവന്നു കഷ്ടത വരുമ്പോൾ

ദൈവം അവന്റെ നിലവിളി കേൾക്കുമോ?

10 അവൻ സർവ്വശക്തനിൽ ആനന്ദിക്കുമോ?

എല്ലാകാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?

11 ദൈവത്തിന്റെ കയ്യെക്കുറിച്ചു ഞാൻ നിങ്ങളെ ഉപദേശിക്കും;

സർവ്വശക്തന്റെ ആന്തരം ഞാൻ മറെച്ചുവെക്കയില്ല.

12 നിങ്ങൾ എല്ലാവരും അതു കണ്ടിരിക്കുന്നു;

നിങ്ങൾ വ്യർത്ഥബുദ്ധികളായിരിക്കുന്നതെന്തു?

13 ഇതു ദുർജ്ജനത്തിന്നു ദൈവത്തിന്റെ പക്കലുള്ള ഓഹരിയും

നിഷ്ഠൂരന്മാർ സർവ്വശക്തങ്കൽനിന്നു പ്രാപിക്കുന്ന അവകാശവും തന്നേ.

14 അവന്റെ മക്കൾ പെരുകിയാൽ അതു വാളിന്നായിട്ടത്രേ;

അവന്റെ സന്തതി അപ്പം തിന്നു തൃപ്തരാകയില്ല.

15 അവന്നു ശേഷിച്ചവർ മഹാമാരിയാൽ കുഴിയിൽ ആകും;

അവന്റെ വിധവമാർ വിലപിക്കയുമില്ല. 16 അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും

മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും

17 അവൻ സമ്പാദിച്ചു എന്നേയുള്ളു; നീതിമാൻ അതു ഉടുക്കും;

കുറ്റമില്ലാത്തവൻ വെള്ളി പങ്കിടും.

18 ചെലന്തിയെപ്പോലെ അവൻ വീടുപണിയുന്നു;

കാവല്ക്കാരൻ മാടം കെട്ടുന്നതുപോലെ തന്നേ.

19 അവൻ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്കയില്ല;

അവൻ കണ്ണു തുറക്കുന്നു; ഇല്ലാതെയാകുന്നു.

20 വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു;

രാത്രിയിൽ കൊടുങ്കാറ്റു അവനെ കവർന്നു കൊണ്ടുപോകുന്നു.

21 കിഴക്കൻ കാറ്റു അവനെ പിടിച്ചിട്ടു അവൻ പൊയ്പോകുന്നു;

അവന്റെ സ്ഥലത്തുനിന്നു അതു അവനെ പാറ്റിക്കളയുന്നു.

22 ദൈവം ആദരിയാതെ അവനെ എയ്യുന്നു;

തൃക്കയ്യിൽനിന്നു ചാടിപ്പോകുവാൻ അവൻ നോക്കുന്നു.

23 മനുഷ്യർ അവന്റെ നേരെ കൈകൊട്ടും:

അവന്റെ സ്ഥലത്തുനിന്നു അവനെ വിരട്ടി പുറത്താക്കും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-