Publicidade

Jó 36

1 എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:

2 അല്പം ക്ഷമിക്ക, ഞാൻ അറിയിച്ചുതരാം;

ദൈവത്തിന്നു വേണ്ടി ഇനിയും ചില വാക്കു പറവാനുണ്ടു.

3 ഞാൻ ദൂരത്തുനിന്നു അറിവു കൊണ്ടുവരും;

എന്റെ സ്രഷ്ടാവിന്നു നീതിയെ ആരോപിക്കും.

4 എന്റെ വാക്കു ഭോഷ്കല്ല നിശ്ചയം;

അറിവു തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു.

5 ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല;

അവൻ വിവേകശക്തിയിലും ബലവാൻ തന്നേ.

6 അവൻ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല;

ദുഃഖിതന്മാർക്കോ അവൻ ന്യായം നടത്തിക്കൊടുക്കുന്നു.

7 അവൻ നീതിമാന്മാരിൽനിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല;

രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തിൽ ഇരുത്തുന്നു;

അവർ എന്നേക്കും ഉയർന്നിരിക്കുന്നു. 8 അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു

കഷ്ടതയുടെ പാശങ്ങളാൽ പിടിക്കപ്പെട്ടാൽ

9 അവൻ അവർക്കു അവരുടെ പ്രവൃത്തിയും

അഹങ്കരിച്ചുപോയ ലംഘനങ്ങളും കാണിച്ചുകൊടുക്കും. 10 അവൻ അവരുടെ ചെവി പ്രബോധനത്തിന്നു തുറക്കുന്നു;

അവർ നീതികേടു വിട്ടുതിരിവാൻ കല്പിക്കുന്നു.

11 അവർ കേട്ടനുസരിച്ചു അവനെ സേവിച്ചാൽ

തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും

ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും. 12 കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും;

ബുദ്ധിമോശത്താൽ മരിച്ചുപോകും. 13 ദുഷ്ടമാനസന്മാർ കോപം സംഗ്രഹിച്ചുവെക്കുന്നു;

അവൻ അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷെക്കായി വിളിക്കുന്നില്ല.

14 അവർ യൗവനത്തിൽ തന്നേ മരിച്ചു പോകുന്നു;

അവരുടെ ജീവൻ ദുർന്നടപ്പുകാരുടേതു പോലെ നശിക്കുന്നു.

15 അവൻ അരിഷ്ടനെ അവന്റെ അരിഷ്ടതയാൽ വിടുവിക്കുന്നു;

പീഡയിൽ തന്നേ അവരുടെ ചെവി തുറക്കുന്നു.

16 നിന്നെയും അവൻ കഷ്ടതയുടെ വായിൽ നിന്നു

ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു.

നിന്റെ മേശമേൽ സ്വാദുഭോജനം വെക്കുമായിരുന്നു.

17 നീയോ ദുഷ്ടവിധികൊണ്ടു നിറഞ്ഞിരിക്കുന്നു;

വിധിയും നീതിയും നിന്നെ പിടിക്കും.

18 കോപം നിന്നെ പരിഹാസത്തിന്നായി വശീകരിക്കരുതു;

മറുവിലയുടെ വലിപ്പം ഓർത്തു നീ തെറ്റിപ്പോകയുമരുതു.

19 കഷ്ടത്തിൽ അകപ്പെടാതിരിപ്പാൻ നിന്റെ നിലവിളിയും

ശക്തിയേറിയ പരിശ്രമങ്ങൾ ഒക്കെയും മതിയാകുമോ?

20 ജാതികൾ തങ്ങളുടെ സ്ഥലത്തുവെച്ചു

മുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുതു.

21 സൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുതു;

അതല്ലോ നീ അരിഷ്ടതയെക്കാൾ ഇച്ഛിക്കുന്നതു.

22 ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു;

അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു?

23 അവനോടു അവന്റെ വഴിയെ കല്പിച്ചതാർ?

നീ നീതികേടു ചെയ്തു എന്നു അവനോടു ആർക്കു പറയാം?

24 അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊൾക;

അതിനെക്കുറിച്ചല്ലോ മനുഷ്യർ പാടിയിരിക്കുന്നതു.

25 മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു;

ദൂരത്തുനിന്നു മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.

26 നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതൻ;

അവന്റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തതു.

27 അവൻ നീർത്തുള്ളികളെ ആകർഷിക്കുന്നു;

അവന്റെ ആവിയാൽ അവ മഴയായി പെയ്യുന്നു.

28 മേഘങ്ങൾ അവയെ ചൊരിയുന്നു;

മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു.

29 ആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും

അവന്റെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ?

30 അവൻ തന്റെ ചുറ്റും പ്രകാശം വിരിക്കുന്നു;

സമുദ്രത്തിന്റെ അടിയെ മൂടുന്നു.

31 ഇവയാൽ അവൻ ജാതികളെ ന്യായം വിധിക്കുന്നു;

ആഹാരവും ധാരാളമായി കൊടുക്കുന്നു.

32 അവൻ മിന്നൽകൊണ്ടു തൃക്കൈ നിറെക്കുന്നു;

പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു.

33 അതിന്റെ മുഴക്കം അവനെയും

കന്നുകാലികൾ എഴുന്നെള്ളുന്നവനെയും കുറിച്ചു അറിവുതരുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-