Publicidade

Jó 33

1 എങ്കിലോ ഇയ്യോബേ, എന്റെ ഭാഷണം കേട്ടുകൊൾക;

എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊൾക.

2 ഇതാ, ഞാൻ ഇപ്പോൾ എന്റെ വായ്തുറക്കുന്നു;

എന്റെ വായിൽ എന്റെ നാവു സംസാരിക്കുന്നു.

3 എന്റെ വചനങ്ങൾ എന്റെ ഉള്ളിലെ നേർ ഉച്ചരിക്കും.

എന്റെ അധരങ്ങൾ അറിയുന്നതു അവ പരമാർത്ഥമായി പ്രസ്താവിക്കും.

4 ദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു;

സർവ്വശക്തന്റെ ശ്വാസം എനിക്കു ജീവനെ തരുന്നു.

5 നിനക്കു കഴിയുമെങ്കിൽ എന്നോടു പ്രതിവാദിക്ക;

സന്നദ്ധനായി എന്റെ മുമ്പാകെ നിന്നുകൊൾക.

6 ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിന്നുള്ളവൻ;

എന്നെയും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്നു.

7 എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല;

എന്റെ ഘനം നിനക്കു ഭാരമായിരിക്കയുമില്ല.

8 ഞാൻ കേൾക്കെ നീ പറഞ്ഞതും

നിന്റെ വാക്കു ഞാൻ കേട്ടതും എന്തെന്നാൽ:

9 ഞാൻ ലംഘനം ഇല്ലാത്ത നിർമ്മലൻ;

ഞാൻ നിർദ്ദോഷി; എന്നിൽ അകൃത്യവുമില്ല.

10 അവൻ എന്റെ നേരെ വിരുദ്ധങ്ങളെ കണ്ടുപിടിക്കുന്നു;

എന്നെ തനിക്കു ശത്രുവായി വിചാരിക്കുന്നു.

11 അവൻ എന്റെ കാലുകളെ ആമത്തിൽ ഇടുന്നു;

എന്റെ പാതകളെ ഒക്കെയും സൂക്ഷിച്ചുനോക്കുന്നു.

12 ഇതിന്നു ഞാൻ നിന്നോടു ഉത്തരം പറയാം:

ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനെക്കാൾ വലിയവനല്ലോ.

13 നീ അവനോടു എന്തിന്നു വാദിക്കുന്നു?

തന്റെ കാര്യങ്ങളിൽ ഒന്നിന്നും അവൻ കാരണം പറയുന്നില്ലല്ലോ.

14 ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു;

മനുഷ്യൻ അതു കൂട്ടാക്കുന്നില്ലതാനും.

15 ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ,

അവർ ശയ്യമേൽ നിദ്രകൊള്ളുമ്പോൾ,

സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നേ,

16 അവൻ മനുഷ്യരുടെ ചെവി തുറക്കുന്നു;

അവരോടുള്ള പ്രബോധനെക്കു മുദ്രയിടുന്നു.

17 മനുഷ്യനെ അവന്റെ ദുഷ്കർമ്മത്തിൽനിന്നു അകറ്റുവാനും

പുരുഷനെ ഗർവ്വത്തിൽനിന്നു രക്ഷിപ്പാനും തന്നേ.

18 അവൻ കുഴിയിൽനിന്നു അവന്റെ പ്രാണനെയും

വാളാൽ നശിക്കാതവണ്ണം അവന്റെ ജീവനെയും കാക്കുന്നു.

19 തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു;

അവന്റെ അസ്ഥികളിൽ ഇടവിടാതെ പോരാട്ടം ഉണ്ടു.

20 അതുകൊണ്ടു അവന്റെ ജീവൻ അപ്പവും

അവന്റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു.

21 അവന്റെ മാംസം ക്ഷയിച്ചു കാണ്മാനില്ലാതെയായിരിക്കുന്നു;

കാണ്മാനില്ലാതിരുന്ന അവന്റെ അസ്ഥികൾ പൊങ്ങിനില്ക്കുന്നു.

22 അവന്റെ പ്രാണൻ ശവക്കുഴിക്കും

അവന്റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു.

23 മനുഷ്യനോടു അവന്റെ ധർമ്മം അറിയിക്കേണ്ടതിന്നു

ആയിരത്തിൽ ഒരുത്തനായി മദ്ധ്യസ്ഥനായോരു ദൂതൻ അവന്നു വേണ്ടി ഉണ്ടെന്നുവരികിൽ

24 അവൻ അവങ്കൽ കൃപ വിചാരിച്ചു:

കുഴിയിൽ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ;

ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും

25 അപ്പോൾ അവന്റെ ദേഹം യൗവനചൈതന്യത്താൽ പുഷ്ടിവെക്കും;

അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.

26 അവൻ ദൈവത്തോടു പ്രാർത്ഥിക്കും; അവൻ അവങ്കൽ പ്രസാദിക്കും;

തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും;

അവൻ മനുഷ്യന്നു അവന്റെ നീതിയെ പകരം കൊടുക്കും.

27 അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നതു:

ഞാൻ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു;

അതിന്നു എന്നോടു പകരം ചെയ്തിട്ടില്ല.

28 അവൻ എന്റെ പ്രാണനെ കുഴിയിൽ ഇറങ്ങാതവണ്ണം രക്ഷിച്ചു;

എന്റെ ജീവൻ പ്രകാശത്തെ കണ്ടു സന്തോഷിക്കുന്നു.

29 ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം

ഇവയൊക്കെയും മനുഷ്യനോടു ചെയ്യുന്നു.

30 അവന്റെ പ്രാണനെ കുഴിയിൽനിന്നു കരേറ്റേണ്ടതിന്നും

ജീവന്റെ പ്രകാശംകൊണ്ടു അവനെ പ്രകാശിപ്പിക്കേണ്ടതിന്നും തന്നേ.

31 ഇയ്യോബേ, ശ്രദ്ധവെച്ചു കേൾക്ക;

മിണ്ടാതെയിരിക്ക; ഞാൻ സംസാരിക്കാം.

32 നിനക്കു ഉത്തരം പറവാനുണ്ടെങ്കിൽ പറക;

സംസാരിക്ക; നിന്നെ നീതീകരിപ്പാൻ ആകുന്നു എന്റെ താല്പര്യം.

33 ഇല്ലെന്നുവരികിൽ, നീ എന്റെ വാക്കു കേൾക്ക;

മിണ്ടാതിരിക്ക; ഞാൻ നിനക്കു ജ്ഞാനം ഉപദേശിച്ചുതരാം.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_18-40-07-