Publicidade

Jó 6

1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ!

എന്റെ വിപത്തു സ്വരൂപിച്ചു തുലാസിൽ വെച്ചെങ്കിൽ!

3 അതു കടല്പുറത്തെ മണലിനെക്കാൾ ഭാരമേറുന്നതു.

അതുകൊണ്ടു എന്റെ വാക്കു തെറ്റിപ്പോകുന്നു.

4 സർവ്വശക്തന്റെ അസ്ത്രങ്ങൾ എന്നിൽ തറെച്ചിരിക്കുന്നു;

അവയുടെ വിഷം എന്റെ ആത്മാവു കുടിക്കുന്നു;

ദൈവത്തിന്റെ ഘോരത്വങ്ങൾ എന്റെ നേരെ അണിനിരന്നിരിക്കുന്നു.

5 പുല്ലുള്ളേടത്തു കാട്ടുകഴുത ചിനെക്കുമോ?

തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ?

6 രുചിയില്ലാത്തതു ഉപ്പുകൂടാതെ തിന്നാമോ?

മുട്ടയുടെ വെള്ളെക്കു രുചിയുണ്ടോ?

7 തൊടുവാൻ എനിക്കു വെറുപ്പു തോന്നുന്നതു

എനിക്കു അറെപ്പുള്ള ഭക്ഷണമായിരിക്കുന്നു.

8 അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ!

എന്റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കിൽ!

9 എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ!

തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ! 10 അങ്ങനെ എനിക്കു ആശ്വാസം ലഭിക്കുമായിരുന്നു;

കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു.

പരിശുദ്ധന്റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ;

11 ഞാൻ കാത്തിരിക്കേണ്ടതിന്നു എന്റെ ശക്തി എന്തുള്ളു?

ദീർഘക്ഷമ കാണിക്കേണ്ടതിന്നു എന്റെ അന്തം എന്തു?

12 എന്റെ ബലം കല്ലിന്റെ ബലമോ?

എന്റെ മാംസം താമ്രമാകുന്നുവോ?

13 ഞാൻ കേവലം തുണയില്ലാത്തവനല്ലയോ?

രക്ഷ എന്നെ വിട്ടുപോയില്ലയോ?

14 ദുഃഖിതനോടു സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു;

അല്ലാഞ്ഞാൽ അവൻ സർവ്വശക്തന്റെ ഭയം ത്യജിക്കും.

15 എന്റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു;

വറ്റിപ്പോകുന്ന തോടുകളുടെ ചാൽപോലെ തന്നേ.

16 നീർക്കട്ടകൊണ്ടു അവ കലങ്ങിപ്പോകുന്നു;

ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു.

17 ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു;

ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്നു പൊയ്പോകുന്നു.

18 സ്വാർത്ഥങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു;

അവ മരുഭൂമിയിൽ ചെന്നു നശിച്ചുപോകുന്നു.

19 തേമയുടെ സ്വാർത്ഥങ്ങൾ തിരിഞ്ഞുനോക്കുന്നു;

ശെബയുടെ യാത്രാഗണം അവെക്കായി പ്രതീക്ഷിക്കുന്നു.

20 പ്രതീക്ഷിച്ചതുകൊണ്ടു അവർ ലജ്ജിക്കുന്നു;

അവിടത്തോളം ചെന്നു നാണിച്ചു പോകുന്നു.

21 നിങ്ങളും ഇപ്പോൾ അതുപോലെ ആയി

വിപത്തു കണ്ടിട്ടു നിങ്ങൾ പേടിക്കുന്നു.

22 എനിക്കു കൊണ്ടുവന്നു തരുവിൻ;

നിങ്ങളുടെ സമ്പത്തിൽനിന്നു എനിക്കുവേണ്ടി കൈക്കൂലി കൊടുപ്പിൻ;

23 വൈരിയുടെ കയ്യിൽനിന്നു എന്നെ വിടുവിപ്പിൻ;

നിഷ്ഠൂരന്മാരുടെ കയ്യിൽനിന്നു എന്നെ

വീണ്ടെടുപ്പിൻ എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ?

24 എന്നെ ഉപദേശിപ്പിൻ; ഞാൻ മിണ്ടാതെയിരിക്കാം;

ഏതിൽ തെറ്റിപ്പോയെന്നു എനിക്കു ബോധം വരുത്തുവിൻ.

25 നേരുള്ള വാക്കുകൾക്കു എത്ര ബലം!

നിങ്ങളുടെ ശാസനെക്കോ എന്തു ഫലം?

26 വാക്കുകളെ ആക്ഷേപിപ്പാൻ വിചാരിക്കുന്നുവോ?

ആശയറ്റവന്റെ വാക്കുകൾ കാറ്റിന്നു തുല്യമത്രേ.

27 അനാഥന്നു നിങ്ങൾ ചീട്ടിടുന്നു;

സ്നേഹിതനെക്കൊണ്ടു കച്ചവടം ചെയ്യുന്നു.

28 ഇപ്പോൾ ദയ ചെയ്തു എന്നെ ഒന്നു നോക്കുവിൻ;

ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ?

29 ഒന്നുകൂടെ നോക്കുവിൻ; നീതികേടു ഭവിക്കരുതു.

ഒന്നുകൂടെ നോക്കുവിൻ; എന്റെ കാര്യം നീതിയുള്ളതു തന്നേ.

30 എന്റെ നാവിൽ അനീതിയുണ്ടോ?

എന്റെ വായി അനർത്ഥം തിരിച്ചറികയില്ലയോ?

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_18-40-07-