Publicidade

Salmos 101

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 അങ്ങയുടെ അചഞ്ചലസ്നേഹത്തെയും നീതിയെയുംകുറിച്ച് ഞാൻ പാടും

യഹോവേ, അങ്ങയെ ഞാൻ വാഴ്ത്തിപ്പാടും.

2 നിഷ്കളങ്കമായ ഒരു ജീവിതം നയിക്കുന്നതിൽ ഞാൻ ശ്രദ്ധചെലുത്തും—

അവിടന്ന് എപ്പോഴാണ് എന്റെ അരികിൽ എത്തുക?

പരമാർഥഹൃദയത്തോടെ

ഞാൻ എന്റെ ഭവനത്തിൽ പെരുമാറും.

3 എന്റെ കണ്ണിനുമുന്നിൽ

ഒരു നീചകാര്യവും ഞാൻ വെക്കുകയില്ല.

വിശ്വാസഘാതകരുടെ പ്രവൃത്തികൾ ഞാൻ വെറുക്കുന്നു;

എനിക്ക് അവരുമായി യാതൊരു പങ്കുമില്ല.

4 വക്രഹൃദയം എന്നിൽനിന്ന് ഏറെ അകലെയാണ്;

തിന്മപ്രവൃത്തികളുമായി എനിക്കു യാതൊരു ബന്ധവുമില്ല.

5 തന്റെ അയൽവാസിക്കെതിരേ രഹസ്യമായി ഏഷണി പറയുന്നവരെ

ഞാൻ നശിപ്പിക്കും;

അഹന്തനിറഞ്ഞ കണ്ണും നിഗളമുള്ള ഹൃദയവും ഉള്ളവരെ

ഞാൻ സഹിക്കുകയില്ല.

6 ദേശത്തിലെ വിശ്വസ്തർ എന്നോടൊപ്പം വസിക്കേണ്ടതിന്

എന്റെ ദൃഷ്ടി അവരുടെമേൽ വെച്ചിരിക്കും;

നിഷ്കളങ്കരായി ജീവിക്കുന്നവർ

എനിക്കു ശുശ്രൂഷചെയ്യും.

7 വഞ്ചന പ്രവർത്തിക്കുന്നവരാരും

എന്റെ ഭവനത്തിൽ വസിക്കുകയില്ല;

വ്യാജം പറയുന്നവരാരും

എന്റെ സന്നിധിയിൽ ഉറച്ചുനിൽക്കുകയില്ല.

8 ദേശത്തിലെ സകലദുഷ്ടരെയും

ഓരോ പ്രഭാതത്തിലും ഞാൻ കണ്ടെത്തി നശിപ്പിക്കും;

അധർമികളായ എല്ലാവരെയും ഞാൻ

യഹോവയുടെ നഗരത്തിൽനിന്ന് ഛേദിച്ചുകളയും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-