Publicidade

Salmos 92

ശബ്ബത്ത് നാളിനുള്ള ഒരു ഗീതം; ഒരു സങ്കീർത്തനം.

1,2 യഹോവയെ വാഴ്ത്തുന്നതും

അത്യുന്നതനേ, അവിടത്തെ നാമത്തിന്

പത്തുകമ്പിയുള്ള വീണയുടെയും

കിന്നരത്തിന്റെ മധുരനാദത്തിന്റെയും അകമ്പടിയോടെ സംഗീതമാലപിക്കുന്നതും

3 പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹവും

രാത്രിയിൽ അവിടത്തെ വിശ്വസ്തതയും വർണിക്കുന്നതും വിശിഷ്ടമത്രേ.

4 യഹോവേ, അവിടത്തെ പ്രവൃത്തികളാൽ അവിടന്ന് എന്നെ ആനന്ദിപ്പിക്കുന്നല്ലോ;

തിരുക്കരങ്ങളുടെ പ്രവൃത്തിനിമിത്തം ഞാൻ ആനന്ദഗീതം ആലപിക്കും.

5 യഹോവേ, അവിടത്തെ പ്രവൃത്തികൾ എത്രയോ ഉന്നതം

അവിടത്തെ ചിന്താഗതികൾ എത്രയോ ഗഹനം!

6 വിവേകഹീനനായ മനുഷ്യൻ അത് അറിയുന്നില്ല,

ഭോഷർ അതു ഗ്രഹിക്കുന്നതുമില്ല,

7 ദുഷ്ടർ പുല്ലുപോലെ തഴച്ചുവളരുന്നതും

അധർമികൾ അഭിവൃദ്ധിപ്രാപിക്കുന്നതും,

എന്നേക്കും നശിച്ചുപോകേണ്ടതിനുതന്നെ.

8 എന്നാൽ യഹോവേ, അവിടന്ന് എന്നേക്കും ഉന്നതനായിരിക്കുന്നു.

9 യഹോവേ, അങ്ങയുടെ ശത്രുക്കൾ,

അതേ, അങ്ങയുടെ ശത്രുക്കൾ നശിച്ചുപോകും, നിശ്ചയം;

എല്ലാ അധർമികളും ചിതറിക്കപ്പെടും.

10 എന്നാൽ അവിടന്ന് എന്റെ കൊമ്പ് കാട്ടുകാളയുടെ കൊമ്പുപോലെ ഉയർത്തി;

പുതിയ തൈലം എന്റെമേൽ ഒഴിച്ചിരിക്കുന്നു.

11 എന്റെ കണ്ണ് എന്റെ ശത്രുക്കളുടെ പതനം കണ്ടു;

എന്റെ കാത് ദുഷ്ടരായ എന്റെ എതിരാളികളുടെ പരാജയം കേട്ടിരിക്കുന്നു.

12 നീതിനിഷ്ഠർ ഒരു പനപോലെ തഴച്ചുവളരുന്നു,

അവർ ലെബാനോനിലെ ദേവദാരുപോലെ വളരും;

13 അവരെ യഹോവയുടെ ആലയത്തിൽ നട്ടുപിടിപ്പിച്ചിരിക്കുന്നു,

നമ്മുടെ ദൈവത്തിന്റെ ആലയാങ്കണത്തിൽ അവർ തഴച്ചുവളരും.

14 അവർ തങ്ങളുടെ വാർധക്യത്തിലും ഫലം കായ്ച്ചുകൊണ്ടിരിക്കും,

അവർ നിത്യനൂതനരും നിത്യഹരിതരും ആയിരിക്കും,

15 "യഹോവ നീതിനിഷ്ഠനാകുന്നു;

അവിടന്ന് ആകുന്നു എന്റെ പാറ, അനീതി അങ്ങയിൽ ലവലേശവുമില്ല!" എന്ന് അവർ ഘോഷിക്കും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-