Publicidade

Salmos 28

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;

എന്റെ പാറയായ അങ്ങ്,

അവിടത്തെ കാതുകൾ എന്റെമുമ്പിൽ കൊട്ടിയടയ്ക്കരുതേ.

അവിടന്ന് മൗനം അവലംബിച്ചാൽ,

കുഴിയിൽ വെക്കപ്പെടുന്നവരെപ്പോലെ ഞാൻ ആയിത്തീരും.

2 അവിടത്തെ അതിവിശുദ്ധ സ്ഥലത്തേക്ക്

ഞാൻ എന്റെ കരങ്ങൾ ഉയർത്തുമ്പോൾ,

സഹായത്തിനായി ഞാൻ വിളിക്കുമ്പോൾത്തന്നെ

കരുണയ്ക്കായുള്ള എന്റെ വിലാപം കേൾക്കണമേ.

3 അധർമം പ്രവർത്തിക്കുന്നവരോടും

ദുഷ്ടരോടുമൊപ്പം എന്നെ വലിച്ചിഴയ്ക്കരുതേ,

അവർ അയൽവാസികളോട് സൗഹൃദത്തോടെ സംസാരിക്കുന്നു

എന്നാൽ, ഹൃദയത്തിലവർ ദോഷം ആസൂത്രണംചെയ്യുന്നു.

4 അവരുടെ പ്രവൃത്തികൾക്കും ദ്രോഹകർമങ്ങൾക്കും

യോഗ്യമായത് അവർക്കു നൽകണമേ;

അവരുടെ കൈകളുടെ പ്രവൃത്തികൾക്ക്

അവരർഹിക്കുന്ന പ്രതിഫലംതന്നെ നൽകണമേ.

5 കാരണം അവർ യഹോവയുടെ പ്രവൃത്തികൾ ആദരിക്കുന്നില്ല

അവിടത്തെ കരവേലയോടും അങ്ങനെതന്നെ,

അവിടന്ന് അവരെ ഇടിച്ചുനിരത്തും,

പിന്നീടൊരിക്കലും പുനർനിർമിക്കുകയില്ല.

6 യഹോവ വാഴ്ത്തപ്പെടട്ടെ,

കരുണയ്ക്കായുള്ള എന്റെ യാചന അവിടന്ന് കേട്ടിരിക്കുന്നല്ലോ.

7 യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു;

എന്റെ ഹൃദയം അങ്ങയിൽ ആശ്രയിക്കുകയും അവിടന്നെന്നെ സഹായിക്കുകയുംചെയ്യുന്നു.

എന്റെ ഹൃദയം ആനന്ദാതിരേകത്താൽ തുള്ളിച്ചാടുന്നു,

എന്നിൽനിന്നുയരുന്ന സംഗീതത്തോടെ ഞാൻ അവിടത്തെ സ്തുതിക്കും.

8 യഹോവ തന്റെ ജനത്തിന്റെ ശക്തിയാകുന്നു,

തന്റെ അഭിഷിക്തന് രക്ഷനൽകുന്ന ഉറപ്പുള്ള കോട്ടയും ആകുന്നു.

9 അങ്ങയുടെ ജനത്തെ രക്ഷിക്കുകയും അവിടത്തെ അവകാശത്തെ അനുഗ്രഹിക്കുകയും ചെയ്യണമേ;

അവർക്ക് ഇടയനായിരുന്ന് എപ്പോഴും അവരെ കരങ്ങളിൽ വഹിക്കണമേ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-