Publicidade

Salmos 4

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 എന്റെ നീതിയായ ദൈവമേ,

ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ.

എന്റെ കഷ്ടതകളിൽനിന്ന് എനിക്കു മോചനം നൽകണമേ;

എന്നോടു കരുണതോന്നി എന്റെ പ്രാർഥന കേൾക്കണമേ.

2 അല്ലയോ മനുഷ്യാ, നിങ്ങൾ എത്രനാൾ എന്റെ മഹത്ത്വത്തെ അപമാനിക്കും?

എത്രനാൾ നിങ്ങൾ വ്യാമോഹത്തെ പ്രണയിച്ച് കാപട്യത്തെ പിൻതുടരും? സേലാ.

3 യഹോവ വിശ്വസ്തരെ തനിക്കായിത്തന്നെ വേർതിരിച്ചിരിക്കുന്നു എന്നറിയുക;

ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ യഹോവ ഉത്തരമരുളുന്നു.

4 നടുങ്ങുവിൻ പാപം ചെയ്യാതിരിപ്പിൻ;

നിങ്ങൾ കിടക്കയിൽവെച്ച് ഹൃദയത്തിൽ ധ്യാനിച്ചുകൊണ്ട്

മൗനമായിരിക്കുക. സേലാ.

5 നീതിയാഗങ്ങൾ അർപ്പിക്കുകയും

യഹോവയിൽ ആശ്രയിക്കുകയും ചെയ്യുക.

6 "നമുക്കു നന്മചെയ്യുന്നത് ആരാണ്?" എന്നു പലരും ചോദിക്കുന്നു.

യഹോവേ, അവിടത്തെ മുഖകാന്തി ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.

7 ധാന്യവും പുതുവീഞ്ഞും സമൃദ്ധമായി വിളവെടുത്തപ്പോൾ അവർക്കുണ്ടായതിലുമധികം

ആനന്ദം അങ്ങ് എന്റെ ഹൃദയത്തിൽ പകർന്നിരിക്കുന്നു.

8 ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും,

എന്നെ സുരക്ഷിതമായി അധിവസിപ്പിക്കുന്നത്

യഹോവേ, അവിടന്നുതന്നെയാണല്ലോ.

സംഗീതസംവിധായകന്. വേണുനാദത്തോടെ. കുറിപ്പ് കാണുക.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-