Publicidade

Salmos 34

ദാവീദിന്റെ ഒരു സങ്കീർത്തനം. അബീമെലെക്കിന്റെ മുൻപിൽവെച്ചു ബുദ്ധിഭ്രമം നടിക്കുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തപ്പോൾ പാടിയത്.

1 ഞാൻ യഹോവയെ എല്ലാക്കാലത്തും പുകഴ്ത്തും;

അവിടത്തെ സ്തുതി എപ്പോഴും എന്റെ അധരങ്ങളിൽ ഇരിക്കും.

2 എന്റെയുള്ളം യഹോവയിൽ അഭിമാനിക്കുന്നു;

പീഡിതർ കേൾക്കുകയും ആനന്ദിക്കുകയും ചെയ്യട്ടെ.

3 എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുക;

നമുക്കൊരുമിച്ച് അവിടത്തെ നാമം വാഴ്ത്താം.

4 ഞാൻ യഹോവയെ അന്വേഷിച്ചു, അവിടന്ന് എനിക്ക് ഉത്തരമരുളി;

എന്റെ എല്ലാ ഭയങ്ങളിൽനിന്നും അവിടന്ന് എന്നെ വിടുവിച്ചു.

5 അങ്ങയെ നോക്കുന്നവർ പ്രകാശപൂരിതരായിത്തീരുന്നു;

അവരുടെ മുഖം ഒരിക്കലും ലജ്ജാഭരിതമാകുകയില്ല.

6 ഈ എളിയ മനുഷ്യൻ വിളിച്ചപേക്ഷിച്ചു, യഹോവ കേട്ടു;

അവിടന്ന് സകലവിധ പ്രയാസങ്ങളിൽനിന്നും അദ്ദേഹത്തെ രക്ഷിച്ചു.

7 യഹോവയെ ഭയപ്പെടുന്നവരുടെചുറ്റും, അവിടത്തെ ദൂതന്മാർ പാളയമിറങ്ങിയിരിക്കുന്നു,

അങ്ങനെ അവിടന്ന് അവരെ വിടുവിക്കുന്നു.

8 യഹോവ നല്ലവനെന്ന് രുചിച്ചറിയുക;

അങ്ങയിൽ അഭയംതേടുന്ന മനുഷ്യർ അനുഗൃഹീതർ.

9 യഹോവയുടെ വിശുദ്ധജനമേ, അവിടത്തെ ഭയപ്പെടുക

അവിടത്തെ ഭക്തന്മാർക്ക് ഒന്നിനും കുറവുണ്ടാകുന്നില്ല.

10 സിംഹക്കുട്ടികൾ ക്ഷീണിതരാകുകയും വിശപ്പനുഭവിക്കുകയും ചെയ്തേക്കാം,

എന്നാൽ യഹോവയെ അന്വേഷിക്കുന്നവർക്ക് ഒരു നന്മയ്ക്കും കുറവുണ്ടാകുന്നില്ല.

11 എന്റെ മക്കളേ, വരിക, ഞാൻ പറയുന്നത് ശ്രദ്ധിക്കുക;

യഹോവാഭക്തി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരാം.

12 ജീവനെ സ്നേഹിക്കുകയും

സന്തുഷ്ടിനിറഞ്ഞ ദീർഘായുസ്സ് ആഗ്രഹിക്കുകയുംചെയ്യുന്നവർ

13 നിങ്ങളുടെ നാവിനെ തിന്മയിൽനിന്നും

നിങ്ങളുടെ അധരങ്ങളെ വ്യാജഭാഷണത്തിൽനിന്നും സൂക്ഷിക്കുക.

14 തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക;

സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക.

15 യഹോവയുടെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു

അവിടത്തെ കാതുകൾ അവരുടെ നിലവിളി ശ്രദ്ധിക്കുന്നു;

16 എന്നാൽ യഹോവയുടെ മുഖം തിന്മ പ്രവർത്തിക്കുന്നവർക്ക് എതിരാകുന്നു,

അവരുടെ ഓർമയെ ഭൂമിയിൽനിന്നു മായിച്ചുകളയേണ്ടതിനുതന്നെ.

17 നീതിനിഷ്ഠർ നിലവിളിക്കുന്നു, യഹോവ അതു കേൾക്കുന്നു;

അവിടന്ന് അവരെ സകലവിധ കഷ്ടതകളിൽനിന്നും വിടുവിക്കുന്നു.

18 ഹൃദയവ്യഥയനുഭവിക്കുന്നവർക്ക് യഹോവ സമീപസ്ഥൻ

മനസ്സു തകർന്നവരെ അവിടന്ന് രക്ഷിക്കുന്നു.

19 നീതിനിഷ്ഠരായ മനുഷ്യർക്കു ധാരാളം യാതനകൾ ഉണ്ടാകും

എങ്കിലും അവ എല്ലാറ്റിൽനിന്നും യഹോവ അവരെ വിടുവിക്കുന്നു;

20 അവിടന്ന് അവരുടെ അസ്ഥികൾക്കെല്ലാം സംരക്ഷണം നൽകുന്നു,

അവയിൽ ഒന്നുപോലും ഉടയ്ക്കപ്പെടുകയില്ല.

21 അധർമം ദുഷ്ടരെ കൊല്ലുന്നു;

നീതിനിഷ്ഠരുടെ ശത്രുക്കൾ ശിക്ഷിക്കപ്പെടും.

22 യഹോവ തന്റെ സേവകരെ മോചിപ്പിക്കുന്നു;

അങ്ങയിൽ അഭയംതേടുന്ന ആർക്കും ശിക്ഷാവിധി ഉണ്ടാകുകയില്ല.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_18-40-07-