Publicidade

Salmos 118

1 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ;

അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

2 ഇസ്രായേല്യർ പറയട്ടെ:

"അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു."

3 അഹരോൻഗൃഹം പറയട്ടെ:

"അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു."

4 യഹോവയെ ഭയപ്പെടുന്നവർ പറയട്ടെ:

"അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു."

5 എന്റെ കഷ്ടതയിൽ ഞാൻ യഹോവയോട് നിലവിളിച്ചു;

അവിടന്ന് എനിക്ക് ഉത്തരമരുളി, എന്നെ വിശാലസ്ഥലത്തേക്ക് കൊണ്ടുവന്നിരിക്കുന്നു.

6 യഹോവ എന്റെ പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല.

വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും?

7 യഹോവ എന്റെ പക്ഷത്തുണ്ട്, അവിടന്ന് എന്റെ സഹായകനാണ്.

ഞാൻ വിജയംനേടി എന്റെ ശത്രുക്കളെ കാണും.

8 മനുഷ്യരിൽ ആശ്രയിക്കുന്നതിനെക്കാൾ

യഹോവയിൽ അഭയം തേടുന്നതാണ് നല്ലത്.

9 പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനെക്കാൾ

യഹോവയിൽ അഭയം തേടുന്നതാണ് നല്ലത്.

10 സകലരാഷ്ട്രങ്ങളും എന്നെ വളഞ്ഞു,

എന്നാൽ യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു.

11 അവർ എന്നെ വളഞ്ഞു; അതേ അവർ എന്നെ വളഞ്ഞു,

എന്നാൽ യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു.

12 തേനീച്ചപോലെ എനിക്കുചുറ്റുമവർ ഇരച്ചുകയറി,

എന്നാൽ മുൾത്തീപോലെ വേഗത്തിൽ അവർ എരിഞ്ഞമർന്നു;

യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു.

13 ഞാൻ വീഴാൻ തക്കവണ്ണം എന്റെ ശത്രുക്കൾ എന്നെ തള്ളി,

എന്നാൽ യഹോവ എന്നെ സഹായിച്ചു.

14 യഹോവ എന്റെ ബലവും എന്റെ ഗീതവും ആകുന്നു;

അവിടന്ന് എന്റെ രക്ഷയായിരിക്കുന്നു.

15 നീതിനിഷ്ഠരുടെ കൂടാരങ്ങളിൽ

ആനന്ദത്തിന്റെയും വിജയത്തിന്റെയും ഘോഷം ഉയരുന്നു:

"യഹോവയുടെ വലങ്കൈ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു!

16 യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു;

യഹോവയുടെ വലങ്കൈ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു!"

17 ഞാൻ മരിക്കുകയില്ല, എന്നാൽ ജീവിച്ചിരുന്ന്,

യഹോവയുടെ പ്രവൃത്തികൾ വർണിക്കും.

18 യഹോവ എന്നെ തിരുത്തുന്നതിന് കഠിനമായി ശിക്ഷിക്കുന്നു,

എങ്കിലും അവിടന്ന് എന്നെ മരണത്തിന് ഏൽപ്പിച്ചുകൊടുത്തില്ല.

19 നീതിയുടെ കവാടങ്ങൾ എനിക്കായി തുറന്നു തരിക;

ഞാൻ അവയിലൂടെ പ്രവേശിച്ച് യഹോവയ്ക്കു സ്തോത്രമർപ്പിക്കും.

20 യഹോവയുടെ കവാടം ഇതാകുന്നു

നീതിനിഷ്ഠർ അതിൽക്കൂടെ പ്രവേശിക്കും.

21 അവിടന്ന് എനിക്ക് ഉത്തരമരുളിയതുകൊണ്ട് ഞാൻ അങ്ങേക്കു സ്തോത്രംചെയ്യും;

അങ്ങ് എന്റെ രക്ഷയായിത്തീർന്നിരിക്കുന്നുവല്ലോ.

22 ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ

മൂലക്കല്ലായിത്തീർന്നിരിക്കുന്നു;

23 ഇത് യഹോവ ചെയ്തു;

നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു.

24 ഇന്ന് യഹോവ ഉണ്ടാക്കിയ ദിവസം;

ഇന്ന് നമുക്ക് ആനന്ദിച്ച് ഉല്ലസിക്കാം.

25 യഹോവേ, ഞങ്ങളെ രക്ഷിക്കണമേ!

യഹോവേ, ഞങ്ങൾക്കു വിജയം നൽകണമേ!

26 യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;

യഹോവയുടെ മന്ദിരത്തിൽനിന്ന് ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു.

27 യഹോവ ആകുന്നു ദൈവം,

അവിടന്ന് ഞങ്ങൾക്കു പ്രകാശം നൽകിയിരിക്കുന്നു.

യാഗപീഠത്തിന്റെ കൊമ്പുകളിൽ

യാഗമൃഗത്തെ ബന്ധിക്കുക.

28 അവിടന്ന് ആകുന്നു എന്റെ ദൈവം, അങ്ങയെ ഞാൻ സ്തുതിക്കുന്നു;

അവിടന്ന് ആകുന്നു എന്റെ ദൈവം, അങ്ങയെ ഞാൻ പുകഴ്ത്തുന്നു.

29 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ;

അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-