Publicidade

Salmos 14

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 "ദൈവം ഇല്ല," എന്നു

മൂഢർ തങ്ങളുടെ ഹൃദയത്തിൽ പറയുന്നു.

അവർ മ്ലേച്ഛമായതു പ്രവർത്തിക്കുന്നവർ, അവരുടെ പ്രവൃത്തികൾ നിന്ദ്യമായവ;

നന്മചെയ്യുന്നവർ ആരുമില്ല.

2 ദൈവത്തെ അന്വേഷിക്കുന്ന

വിവേകിയുണ്ടോ എന്നറിയാൻ

യഹോവ സ്വർഗത്തിൽനിന്നു

മാനവവംശത്തെ നോക്കുന്നു.

3 എന്നാൽ, സകലരും വഴിതെറ്റിപ്പോയിരിക്കുന്നു, എല്ലാവരും വക്രതയുള്ളവരായിത്തീർന്നിരിക്കുന്നു;

നന്മചെയ്യുന്നവർ ആരുമില്ല,

ഒരൊറ്റവ്യക്തിപോലുമില്ല.

4 അധർമം പ്രവർത്തിക്കുന്നവർ ഒന്നും മനസ്സിലാക്കുന്നില്ലല്ലോ?

മനുഷ്യർ അപ്പം ഭക്ഷിക്കുന്നതുപോലെ അവർ എന്റെ ജനത്തെ വിഴുങ്ങിക്കളയുന്നു;

അവർ ഒരിക്കലും യഹോവയെ വിളിച്ചപേക്ഷിക്കുന്നില്ല.

5 ദൈവം നീതിനിഷ്ഠരുടെ കൂടെയായതിനാൽ,

അതിക്രമം പ്രവർത്തിക്കുന്നവർ പരിഭ്രാന്തിയിലാണ്ടുപോകുന്നു.

6 നിങ്ങൾ ദരിദ്രരുടെ പദ്ധതികൾ തകിടംമറിക്കുന്നു,

എന്നാൽ യഹോവ അവർക്ക് അഭയസ്ഥാനം ആകുന്നു.

7 ഇസ്രായേലിന്റെ രക്ഷ സീയോനിൽനിന്നു വന്നെങ്കിൽ!

യഹോവ തന്റെ ജനത്തിന്റെ സൗഭാഗ്യം പുനഃസ്ഥാപിക്കുമ്പോൾ,

യാക്കോബ് ആനന്ദിക്കുകയും ഇസ്രായേൽ സന്തോഷിക്കുകയും ചെയ്യട്ടെ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_18-40-07-