Publicidade

Salmos 84

കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.

1 സൈന്യങ്ങളുടെ യഹോവേ,

തിരുനിവാസം എത്ര മനോഹരം!

2 യഹോവയുടെ ആലയാങ്കണം വാഞ്ഛിച്ച്

എന്റെ പ്രാണൻ തളരുന്നു;

എന്റെ ഹൃദയവും എന്റെ ശരീരവും

ജീവനുള്ള ദൈവത്തിന് ആനന്ദകീർത്തനം ആലപിക്കുന്നു.

3 കുരികിൽ ഒരു വീടും

മീവൽപ്പക്ഷി കുഞ്ഞുങ്ങൾക്ക്

ഒരു കൂടും കണ്ടെത്തിയിരിക്കുന്നു—

എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ

അങ്ങയുടെ യാഗപീഠത്തിനരികെതന്നെ.

4 അങ്ങയുടെ ആലയത്തിൽ വസിക്കുന്നവർ അനുഗൃഹീതർ;

അവർ അങ്ങയെ നിരന്തരം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.

5 ബലം അങ്ങയിലുള്ള മനുഷ്യർ അനുഗൃഹീതർ,

അവരുടെ ഹൃദയത്തിൽ സീയോനിലേക്കുള്ള രാജവീഥികളുണ്ട്.

6 കണ്ണുനീർ താഴ്വരയിലൂടെ കടന്നുപോകുമ്പോൾ,

അവിടന്ന് അതിനെ ഒരു നീരുറവയാക്കുന്നു;

മുന്മഴയാൽ അതിനെ അനുഗ്രഹപൂർണമാക്കുന്നു.

7 അവർ ഓരോരുത്തരും സീയോനിൽ ദൈവസന്നിധിയിൽ എത്തുന്നതുവരെ,

ബലത്തിനുമേൽ ബലം ആർജിക്കുന്നു.

8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ;

യാക്കോബിന്റെ ദൈവമേ, ശ്രദ്ധിക്കണമേ. സേലാ.

9 ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കണമേ;

അങ്ങയുടെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കണമേ.

10 അങ്ങയുടെ ആലയാങ്കണത്തിലെ ഒരു ദിവസം

വേറെ ആയിരം ദിവസങ്ങളെക്കാൾ ശ്രേഷ്ഠമല്ലോ;

ദുഷ്ടരുടെ കൂടാരങ്ങളിൽ വസിക്കുന്നതിനെക്കാൾ,

എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽകാവൽക്കാരൻ ആകുന്നതാണ് എന്റെ അഭിലാഷം.

11 കാരണം യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു;

യഹോവ കൃപയും മഹത്ത്വവും നൽകുന്നു;

നിഷ്കളങ്കതയോടെ ജീവിക്കുന്നവർക്ക്

അവിടന്ന് ഒരു നന്മയും മുടക്കുകയില്ല.

12 സൈന്യങ്ങളുടെ യഹോവേ,

അങ്ങയിൽ ആശ്രയിക്കുന്നവർ അനുഗൃഹീതർ.

സംഗീതസംവിധായകന്. കുറിപ്പ് കാണുക.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-