Publicidade

Salmos 32

ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം.

1 ലംഘനം ക്ഷമിച്ചും

പാപം മറച്ചും കിട്ടിയ മനുഷ്യർ,

അനുഗൃഹീതർ.

2 യഹോവ, പാപം കണക്കാക്കാതെയും

ആത്മാവിൽ കപടമില്ലാതെയും ഇരിക്കുന്ന മനുഷ്യർ,

അനുഗൃഹീതർ.

3 ഞാൻ എന്റെ പാപം ഏറ്റുപറയാതെ,

ദിവസംമുഴുവനും ഞരങ്ങിക്കരയുകമൂലം

എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി.

4 രാവും പകലും

അങ്ങയുടെ കരം എന്റെമേൽ ഭാരമായിരുന്നു;

വേനൽക്കാലത്തിലെ ചൂടുകൊണ്ടെന്നപോലെ

എന്റെ ബലം ക്ഷയിച്ചുപോയിരിക്കുന്നു. സേലാ.

5 അപ്പോൾ ഞാൻ എന്റെ പാപം അങ്ങയോട് ഏറ്റുപറഞ്ഞു

എന്റെ അകൃത്യമൊന്നും മറച്ചുവെച്ചതുമില്ല.

"എന്റെ കുറ്റം യഹോവയോട് ഏറ്റുപറയും,"

എന്നു ഞാൻ പറഞ്ഞു.

അപ്പോൾ എന്റെ പാപത്തിന്റെ കുറ്റം

അങ്ങു ക്ഷമിച്ചുതന്നു. സേലാ.

6 അതുകൊണ്ട് ദൈവഭക്തരായ ഓരോരുത്തരും

അവസരം നഷ്ടപ്പെടുത്താതെ അങ്ങയോടു പ്രാർഥിക്കട്ടെ;

അങ്ങനെയെങ്കിൽ പ്രളയജലത്തിന്റെ ഭീകരപ്രഭാവം

അവരെ എത്തിപ്പിടിക്കുകയില്ല.

7 അവിടന്ന് എന്റെ ഒളിയിടം ആകുന്നു;

ക്ലേശങ്ങളിൽ അവിടന്ന് എനിക്കു സംരക്ഷണമേകുന്നു;

രക്ഷയുടെ ജയഭേരിയാൽ എനിക്കു വലയം തീർക്കുന്നു. സേലാ.

8 നീ ഗമിക്കേണ്ടുന്ന പാത ഏതെന്നു നിന്നെ ഉപദേശിച്ചു പഠിപ്പിക്കും;

നിന്റെമേൽ ദൃഷ്ടിവെച്ച് ഞാൻ നിനക്കു ബുദ്ധിയുപദേശം നൽകും.

9 വിവേകശൂന്യമായ

കുതിരയെയോ കോവർകഴുതയെയോപോലെ നീ പെരുമാറരുത്,

അവയെ വരുതിയിലാക്കാൻ കടിഞ്ഞാണും കടിയിരുമ്പും ഉപയോഗിക്കേണ്ടതായി വരുന്നു

അല്ലാത്തപക്ഷം നിനക്കവയെ നിയന്ത്രിക്കുക അസാധ്യം.

10 ദുഷ്ടരുടെ അനർഥങ്ങൾ അസംഖ്യം,

എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവരെ

അവിടത്തെ അചഞ്ചലസ്നേഹം വലയംചെയ്യുന്നു.

11 നീതിനിഷ്ഠരേ, യഹോവയിൽ സന്തോഷിച്ചാനന്ദിക്കുക;

ഹൃദയപരമാർഥികളേ, ആനന്ദിച്ചാർക്കുക!

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-