Publicidade

Salmos 62

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 ഞാൻ ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുന്നു;

എന്റെ രക്ഷ അങ്ങയിൽനിന്ന് വരുന്നു.

2 അവിടന്നുമാത്രമാണ് എന്റെ പാറയും രക്ഷയും;

അവിടന്നാണ് എന്റെ കോട്ട, ഞാൻ ഒരിക്കലും കുലുങ്ങിപ്പോകുകയില്ല.

3 ഒരു മനുഷ്യനെ നിങ്ങൾ എത്രകാലം ആക്രമിക്കും?

ചാഞ്ഞ മതിലും പൊളിഞ്ഞ വേലിയുംപോലെ

നിങ്ങളെല്ലാവരും എന്നെ നിലത്തെറിഞ്ഞുകളയുമോ?

4 ഉന്നതസ്ഥാനത്തുനിന്ന്

എന്നെ തള്ളിയിടുകയാണ് അവരുടെ ലക്ഷ്യം,

അവർ വ്യാജം സംസാരിക്കുന്നതിൽ ആമോദിക്കുന്നു.

അധരംകൊണ്ട് അവർ അനുഗ്രഹിക്കുന്നു,

എന്നാൽ അന്തരംഗത്തിൽ അവർ ശാപംചൊരിയുന്നു. സേലാ.

5 എന്റെ ആത്മാവേ, ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുക;

അങ്ങയിലാണ് എന്റെ പ്രത്യാശ.

6 അവിടന്നുമാത്രമാണ് എന്റെ പാറയും എന്റെ രക്ഷയും;

അവിടന്നാണ് എന്റെ കോട്ട, ഞാൻ കുലുങ്ങിപ്പോകുകയില്ല.

7 എന്റെ രക്ഷയും എന്റെ മഹത്ത്വവും ദൈവത്തിൽ ആകുന്നു;

അവിടന്ന് എന്റെ ശക്തിയുള്ള പാറയും എന്റെ സങ്കേതവും ആകുന്നു.

8 അല്ലയോ ജനമേ, എപ്പോഴും ദൈവത്തിൽ ആശ്രയിക്കുക,

നിങ്ങളുടെ ഹൃദയം അവിടത്തെ മുമ്പിൽ പകരുക,

കാരണം നമ്മുടെ സങ്കേതം ദൈവം ആകുന്നു. സേലാ.

9 ഹീനകുലജന്മം കേവലമൊരു ശ്വാസവും

ഉന്നതകുലജന്മം കേവലമൊരു മിഥ്യയും ആകുന്നു.

ഒരു തുലാസിൽ തൂക്കിയാൽ അവരുടെ തട്ട് പൊന്തിപ്പോകും;

അവരിരുവരും ഒരു ശ്വാസത്തെക്കാൾ ലഘുവാണ്.

10 കൊള്ളപ്പണത്തിൽ ആശ്രയിക്കുകയോ

മോഷണമുതലിന്മേൽ അഹങ്കരിക്കുകയോ അരുത്;

നിന്റെ ധനം അധികരിച്ചാലും,

നിന്റെ ഹൃദയം അതിൽ അർപ്പിക്കരുത്.

11 ദൈവം ഒരു കാര്യം അരുളിച്ചെയ്തു,

രണ്ടുതവണ അടിയനത് ശ്രവിച്ചിരിക്കുന്നു:

"ദൈവമേ, ശക്തി അങ്ങേക്കുള്ളതാകുന്നു,

12 അചഞ്ചലസ്നേഹവും അങ്ങയിലാണല്ലോ കർത്താവേ;

അങ്ങ് ഓരോരുത്തർക്കും പ്രതിഫലംനൽകും

അവരവരുടെ പ്രവൃത്തിക്കനുസൃതമായിട്ടുതന്നെ."

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-