Publicidade

Salmos 141

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, എന്റെ അടുത്തേക്കു വേഗം വരണമേ.

ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ ശബ്ദം കേൾക്കണമേ.

2 എന്റെ പ്രാർഥന തിരുമുമ്പിൽ സുഗന്ധധൂപംപോലെ സ്വീകരിക്കണമേ;

ഉയർത്തപ്പെട്ട കൈകൾ സന്ധ്യായാഗംപോലെയും ആയിരിക്കട്ടെ.

3 യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ ഏർപ്പെടുത്തി,

എന്റെ അധരകവാടം കാക്കണമേ.

4 അധർമം പ്രവർത്തിക്കുന്നവരോടുചേർന്ന്

അവരുടെ മൃഷ്ടാന്നഭോജനം ഭക്ഷിക്കാൻ എന്നെ അനുവദിക്കരുതേ.

എന്റെ ഹൃദയം തിന്മയിലേക്ക് ആകൃഷ്ടമായി,

ഞാൻ ദുഷ്‌പ്രവൃത്തികളിൽ പങ്കുപറ്റുന്നതിന് ഇടയാക്കരുതേ.

5 നീതിനിഷ്ഠർ എന്നെ അടിക്കട്ടെ—അത് എന്നോടു കാട്ടുന്ന കരുണയാണ്;

അവർ എന്നെ ശാസിക്കട്ടെ—അത് എന്റെ ശിരസ്സിലെ തൈലലേപനംപോലെയാണ്.

എന്റെ ശിരസ്സ് അത് നിരസിക്കുകയില്ല,

കാരണം എന്റെ പ്രാർഥന എപ്പോഴും അധർമികളുടെ ചെയ്തികൾക്കെതിരേ ആയിരിക്കും.

6 അവരുടെ ന്യായപാലകർ കിഴുക്കാംതൂക്കായ മലഞ്ചെരിവിൽനിന്ന് തൂക്കിയെറിയപ്പെടുമ്പോൾ,

എന്റെ വാക്കുകൾ വ്യർഥമല്ലായിരുന്നെന്ന് ദുഷ്ടർ മനസ്സിലാക്കും.

7 അപ്പോൾ അവർ പറയും: "ഉഴവുചാലുകളിൽനിന്നു പാറക്കഷണങ്ങൾ പൊന്തിവരുന്നതുപോലെ,

ദുഷ്ടരുടെ അസ്ഥികൾ പാതാളകവാടത്തിൽ ചിതറിക്കിടക്കുന്നു."

8 എന്നാൽ കർത്താവായ യഹോവേ, എന്റെ ദൃഷ്ടികൾ അങ്ങയുടെമേൽ ഉറച്ചിരിക്കുന്നു;

ഞാൻ അങ്ങയിൽ അഭയംതേടുന്നു—എന്നെ മരണത്തിന് ഏൽപ്പിച്ചുകൊടുക്കരുതേ.

9 അധർമികൾ എനിക്കായി ഒരുക്കിവെച്ചിരിക്കുന്ന കെണികളിൽനിന്നും

അവർ എന്റെമുമ്പിൽ വിരിച്ചിരിക്കുന്ന കുടുക്കുകളിൽനിന്നും എന്നെ സംരക്ഷിക്കണമേ.

10 ഞാൻ സുരക്ഷിതമായി ഒഴിഞ്ഞുപോകുമ്പോൾ,

ദുഷ്ടർ, തങ്ങൾ വിരിച്ച വലകളിൽത്തന്നെ വീണുപോകട്ടെ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-