Publicidade

Salmos 122

ദാവീദിന്റെ ആരോഹണഗീതം.

1 "നമുക്കു യഹോവയുടെ ആലയത്തിലേക്കു പോകാം,"

എന്ന് അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ ആനന്ദിച്ചു.

2 ജെറുശലേമേ, ഞങ്ങളുടെ കാലുകൾ

നിന്റെ കവാടങ്ങൾക്കുള്ളിൽ നിൽക്കുന്നു.

3 ഉറപ്പോടെ നിർമിക്കപ്പെട്ട ഒരു പട്ടണമാണ് ജെറുശലേം;

അതു നല്ല സാന്ദ്രതയോടെ ചേർത്തിണക്കി പണിതിരിക്കുന്നു.

4 അവിടെ ഗോത്രങ്ങൾ കയറിച്ചെല്ലുന്നു—

യഹോവയുടെ ഗോത്രങ്ങൾ—

ഇസ്രായേലിനു നൽകിയ നിയമത്തിനനുസൃതമായി

യഹോവയുടെ നാമത്തിനു സ്തോത്രം അർപ്പിക്കാൻതന്നെ.

5 അവിടെ ന്യായപാലനത്തിന് സിംഹാസനങ്ങൾ സ്ഥാപിച്ചിരിക്കുന്നു;

ദാവീദുഗൃഹത്തിന്റെ സിംഹാസനങ്ങൾതന്നെ.

6 ജെറുശലേമിന്റെ സമാധാനത്തിനായി പ്രാർഥിക്കുക:

"ഈ പട്ടണത്തെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ.

7 നിന്റെ കോട്ടകൾക്കുള്ളിൽ സമാധാനവും

അരമനകൾക്കുള്ളിൽ ഐശ്വര്യവും കുടികൊള്ളട്ടെ."

8 എന്റെ സഹോദരങ്ങൾക്കും സ്നേഹിതർക്കുംവേണ്ടി,

"നിന്നിൽ സമാധാനം ഉണ്ടാകട്ടെ," എന്നു ഞാൻ പറയും.

9 നമ്മുടെ ദൈവമായ യഹോവയുടെ ആലയത്തിനുവേണ്ടി

ഞാൻ നിന്റെ അഭിവൃദ്ധി ആഗ്രഹിക്കുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_18-40-07-