Publicidade

Salmos 47

കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.

1 സകലജനതകളുമേ, കൈകൊട്ടുക;

ആനന്ദഘോഷത്തോടെ ദൈവത്തിന് ആർപ്പിടുക.

2 കാരണം അത്യുന്നതനായ യഹോവ ഭയങ്കരൻ,

അവിടന്ന് സർവഭൂമിക്കും മഹാരാജാവുതന്നെ.

3 അവിടന്ന് രാഷ്ട്രങ്ങളെ നമ്മുടെ കീഴിലും

ജനതകളെ നമ്മുടെ കാൽക്കീഴിലുമാക്കി.

4 അവിടന്ന് നമുക്കുവേണ്ടി നമ്മുടെ അവകാശഭൂമിയെ തെരഞ്ഞെടുത്തു,

അവിടന്ന് സ്നേഹിച്ച യാക്കോബിന്റെ അഭിമാനത്തെത്തന്നെ. സേലാ.

5 ആനന്ദഘോഷത്തോടെ ദൈവം ആരോഹണം ചെയ്തിരിക്കുന്നു,

കാഹളനാദത്തോടെ യഹോവയും.

6 ദൈവത്തിനു സ്തുതിപാടുക, സ്തുതിപാടുക;

നമ്മുടെ രാജാവിനു സ്തുതിപാടുക, സ്തുതിപാടുക.

7 കാരണം ദൈവം സർവഭൂമിക്കും രാജാവാകുന്നു;

അവിടത്തേക്കൊരു സ്തുതിഗീതം ആലപിക്കുക.

8 ദൈവം രാഷ്ട്രങ്ങളുടെമേൽ വാഴുന്നു;

ദൈവം അവിടത്തെ വിശുദ്ധസിംഹാസനത്തിൽ ഉപവിഷ്ടനാകുന്നു.

9 രാഷ്ട്രങ്ങളുടെ ശ്രേഷ്ഠർ

അബ്രാഹാമിന്റെ ദൈവത്തിന്റെ ജനമായി ഒത്തുചേരുന്നു,

കാരണം ഭൂമിയിലെ രാജാക്കന്മാരെല്ലാം ദൈവത്തിനുള്ളതാണ്;

അവിടന്ന് ഏറ്റവും ഉന്നതനായിരിക്കുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-