Publicidade

Salmos 5

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവേ, എന്റെ വാക്കുകൾ കേൾക്കണമേ,

എന്റെ നെടുവീർപ്പു ശ്രദ്ധിക്കണമേ.

2 എന്റെ രാജാവും എന്റെ ദൈവവുമേ,

സഹായത്തിനായുള്ള എന്റെ നിലവിളി കേൾക്കണമേ,

അവിടത്തോടല്ലോ ഞാൻ പ്രാർഥിക്കുന്നത്.

3 യഹോവേ, പ്രഭാതത്തിൽ അവിടന്ന് എന്റെ ശബ്ദം കേൾക്കണമേ;

പുലർകാലത്തിൽ ഞാൻ എന്റെ ആവലാതി തിരുമുമ്പിൽ സമർപ്പിക്കുകയും

പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു.

4 അവിടന്ന് അധർമത്തിൽ പ്രസാദിക്കുന്ന ദൈവമല്ലല്ലോ;

തിന്മ പ്രവർത്തിക്കുന്നവർ അവിടത്തോടൊപ്പം വസിക്കുകയില്ല.

5 അവിടത്തെ സന്നിധിയിൽ

ധിക്കാരികൾ നിൽക്കുകയില്ല.

അധർമം പ്രവർത്തിക്കുന്നവരെ അവിടന്നു വെറുക്കുന്നു;

6 വ്യാജം പറയുന്നവരെ അവിടന്നു നശിപ്പിക്കുന്നു.

രക്തദാഹികളെയും വഞ്ചകരെയും

യഹോവയ്ക്ക് അറപ്പാകുന്നു.

7 എന്നാൽ ഞാൻ, അവിടത്തെ അചഞ്ചലസ്നേഹത്താൽ,

അങ്ങയുടെ ആലയത്തിലേക്കു വന്നുചേരും;

അവിടത്തെ വിശുദ്ധമന്ദിരത്തിനുനേരേ

ഭയഭക്തിയോടെ ഞാൻ സാഷ്ടാംഗംവീഴും.

8 യഹോവേ, എന്റെ ശത്രുക്കൾനിമിത്തം,

അവിടത്തെ നീതിയാൽ എന്നെ നയിക്കണമേ;

അവിടത്തെ മാർഗം എന്റെമുമ്പിൽ സുഗമമാക്കണമേ.

9 അവരുടെ വായിൽനിന്നുള്ള ഒരു വാക്കും വിശ്വാസയോഗ്യമല്ല;

അവരുടെ ഹൃദയം നാശകൂപംതന്നെ.

അവരുടെ കണ്ഠം തുറന്ന ശവക്കല്ലറയാണ്;

നാവിനാലവർ മുഖസ്തുതിയുരുവിടുന്നു.

10 അല്ലയോ ദൈവമേ! അവരെ കുറ്റക്കാരായി വിധിക്കണമേ,

അവരുടെതന്നെ ഗൂഢാലോചനയാൽ അവർ നിലംപതിക്കട്ടെ.

അങ്ങേക്കെതിരേ അവർ കലാപം ഉയർത്തിയിരിക്കുന്നു,

അവരെ അവരുടെ പാപങ്ങളുടെ ബാഹുല്യംനിമിത്തം പുറന്തള്ളണമേ.

11 എന്നാൽ തിരുസന്നിധിയിൽ അഭയം തേടുന്നവരെല്ലാം ആനന്ദിക്കട്ടെ;

അവരെന്നും ആനന്ദഗാനമാലപിക്കട്ടെ.

തിരുനാമത്തെ സ്നേഹിക്കുന്നവർ അങ്ങയിൽ ആനന്ദിക്കുന്നതിനായി,

അവിടത്തെ സംരക്ഷണം അവർക്കുമീതേ വിരിക്കട്ടെ.

12 യഹോവേ, അവിടന്നു നീതിനിഷ്ഠരെ അനുഗ്രഹിക്കുന്നു;

പരിചകൊണ്ടെന്നപോലെ അങ്ങ് അവരെ കാരുണ്യത്താൽ മറയ്ക്കുന്നു.

സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. അഷ്ടമരാഗത്തിൽ. കുറിപ്പ് കാണുക

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-