Publicidade

Salmos 57

ദാവീദിന്റെ ഒരു സ്വർണഗീതം. അദ്ദേഹം ശൗലിന്റെ മുമ്പിൽനിന്നു ഗുഹയിലേക്ക് ഓടിപ്പോയകാലത്തു രചിച്ചത്.

1 എന്നോടു കരുണയുണ്ടാകണമേ, എന്റെ ദൈവമേ, എന്നോടു കരുണയുണ്ടാകണമേ,

കാരണം അങ്ങയിൽ ഞാൻ അഭയംപ്രാപിച്ചിരിക്കുന്നു.

ഈ ആപത്തുകൾ നീങ്ങിപ്പോകുന്നതുവരെ

അവിടത്തെ ചിറകിൻകീഴിൽ ഞാൻ ശരണപ്പെടുന്നു.

2 അത്യുന്നതനായ ദൈവത്തോടു ഞാൻ കേണപേക്ഷിക്കുന്നു,

എന്നെ കുറ്റവിമുക്തനാക്കുന്ന ദൈവത്തോടുതന്നെ.

3 അവിടന്ന് സ്വർഗത്തിൽനിന്ന് സഹായമരുളി എന്നെ രക്ഷിക്കുന്നു,

എന്നെ വേട്ടയാടുന്നവരെ അവിടന്ന് ശകാരിക്കുന്നു—സേലാ.

ദൈവം അവിടത്തെ സ്നേഹവും വിശ്വസ്തതയും അയയ്ക്കുന്നു.

4 ഞാൻ സിംഹങ്ങളുടെ മധ്യേ ആയിരിക്കുന്നു;

അത്യാർത്തിയുള്ള ദുഷ്ടമൃഗങ്ങൾക്കിടയിൽത്തന്നെ കിടക്കുന്നു—

ആ മനുഷ്യരുടെ പല്ലുകൾ കുന്തങ്ങളും അസ്ത്രങ്ങളും ആകുന്നു,

അവരുടെ നാവ് മൂർച്ചയേറിയ വാളുകളും.

5 ദൈവമേ, അവിടന്ന് ആകാശത്തിനുമീതേ ഉന്നതനായിരിക്കണമേ;

അവിടത്തെ മഹത്ത്വം സർവഭൂമിയിലും വിളങ്ങട്ടെ.

6 അവർ എന്റെ പാദങ്ങൾക്കായി വല വിരിച്ചിരിക്കുന്നു—

മനോഭാരത്താൽ ഞാൻ എന്റെ തല കുനിച്ചിരിക്കുന്നു.

അവർ എന്റെ വഴിയിൽ ഒരു കുഴികുഴിച്ചിരിക്കുന്നു—

എന്നാൽ അവർതന്നെ അതിൽ വീണിരിക്കുന്നു. സേലാ.

7 ദൈവമേ, എന്റെ ഹൃദയം അങ്ങയിൽ പൂർണവിശ്വാസം അർപ്പിച്ചിരിക്കുന്നു,

എന്റെ ഹൃദയം പൂർണവിശ്വാസം അർപ്പിച്ചിരിക്കുന്നു;

ഞാൻ പാട്ടുപാടുകയും അവിടത്തെ പുകഴ്ത്തുകയും ചെയ്യും.

8 എന്റെ ആത്മാവേ, ഉണരുക!

വീണയേ, കിന്നരമേ, ഉണരുക!

ഞാൻ ഉഷസ്സിനെ ഉണർത്തും.

9 അതുകൊണ്ട്, കർത്താവേ, ഞാൻ അങ്ങയെ ജനതകളുടെ മധ്യേ പുകഴ്ത്തും;

ഞാൻ ജനതകളുടെ മധ്യേ അങ്ങയെ പാടിപ്പുകഴ്ത്തും.

10 കാരണം, അവിടത്തെ അചഞ്ചലസ്നേഹം ആകാശത്തോളം ഉന്നതം;

അവിടത്തെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.

11 ദൈവമേ, അവിടന്ന് ആകാശത്തിനുമീതേ ഉന്നതനായിരിക്കണമേ;

അവിടത്തെ മഹത്ത്വം സർവഭൂമിയിലും വിളങ്ങട്ടെ.

സംഗീതസംവിധായകന്. "നശിപ്പിക്കരുതേ" എന്ന രാഗത്തിൽ. കുറിപ്പ് കാണുക.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_18-40-07-