Publicidade

Salmos 3

ദാവീദിന്റെ ഒരു സങ്കീർത്തനം. അദ്ദേഹം തന്റെ പുത്രനായ അബ്ശാലോമിന്റെ മുന്നിൽനിന്ന് ഓടിപ്പോയപ്പോൾ രചിച്ചത്.

1 യഹോവേ, എന്റെ ശത്രുക്കൾ എത്ര അധികം;

എനിക്കെതിരേ അനേകർ എഴുന്നേറ്റിരിക്കുന്നു.

2 "ദൈവം അദ്ദേഹത്തെ രക്ഷിക്കുകയില്ല," എന്ന്

അനേകർ എന്നെക്കുറിച്ചു പറയുന്നു. സേലാ.

3 എന്നാൽ യഹോവേ, അങ്ങാണ് എനിക്കുചുറ്റും പരിച,

അങ്ങാണ് എന്റെ ബഹുമതി, എന്റെ ശിരസ്സിനെ ഉയർത്തുന്നതും അങ്ങാണ്.

4 ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു,

അവിടന്നു തന്റെ വിശുദ്ധഗിരിയിൽനിന്ന് എനിക്ക് ഉത്തരമരുളുന്നു. സേലാ.

5 ഞാൻ കിടന്നുറങ്ങുന്നു;

യഹോവ എന്നെ കാക്കുന്നതിനാൽ ഞാൻ ഉറക്കമുണരുന്നു.

6 എനിക്കുചുറ്റും അണിനിരന്നിരിക്കുന്ന

പതിനായിരങ്ങളെ ഞാൻ ഭയക്കുന്നില്ല.

7 യഹോവേ, എഴുന്നേൽക്കണമേ!

എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ!

എന്റെ എല്ലാ ശത്രുക്കളുടെയും ചെകിട്ടത്ത് അടിക്കണമേ;

ദുഷ്ടരുടെ പല്ലുകൾ തകർക്കണമേ.

8 രക്ഷ യഹോവയിൽനിന്നു വരുന്നു.

അവിടത്തെ അനുഗ്രഹം അവിടത്തെ ജനത്തിന്മേൽ ഉണ്ടാകുമാറാകട്ടെ. സേലാ.

സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.)

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-