Publicidade

Salmos 91

1 അത്യുന്നതനെ ആശ്രയമാക്കി വസിക്കുന്നവർ

സർവശക്തന്റെ തണലിൽ വിശ്രമിക്കും.

2 ഞാൻ യഹോവയെക്കുറിച്ച്, "അവിടന്നാണ് എന്റെ സങ്കേതവും കോട്ടയും

ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും," എന്നു പറയും.

3 അവിടന്നു നിശ്ചയമായും നിന്നെ

വേട്ടക്കാരുടെ കെണിയിൽനിന്നും

മാരകമായ പകർച്ചവ്യാധിയിൽനിന്നും രക്ഷിക്കും.

4 തന്റെ തൂവലുകൾകൊണ്ട് അവിടന്ന് നിന്നെ മറയ്ക്കും,

അവിടത്തെ ചിറകിൻകീഴിൽ നീ അഭയംകണ്ടെത്തും;

അവിടത്തെ വിശ്വസ്തത നിനക്ക് പരിചയും കോട്ടയും ആയിരിക്കും.

5 രാത്രിയുടെ ഭീകരതയോ

പകലിൽ ചീറിപ്പായുന്ന അസ്ത്രമോ

6 ഇരുളിന്റെ മറവിൽ വ്യാപിക്കുന്ന പകർച്ചവ്യാധിയോ

നട്ടുച്ചയ്ക്കു വന്നുചേരുന്ന അത്യാപത്തോ നീ ഭയപ്പെടുകയില്ല.

7 നിന്റെ വശത്ത് ആയിരംപേരും

നിന്റെ വലതുഭാഗത്ത് പതിനായിരംപേരും വീഴും.

എങ്കിലും അതു നിന്നോട് അടുക്കുകയില്ല.

8 നിന്റെ കണ്ണുകൾകൊണ്ട് നീ നോക്കുകയും

ദുഷ്ടരുടെ ശിക്ഷ നീ കാണുകയും ചെയ്യും.

9 യഹോവയെ നിന്റെ സങ്കേതവും

അത്യുന്നതനെ നിന്റെ നിവാസസ്ഥാനവും ആക്കുമെങ്കിൽ,

10 ഒരു അത്യാപത്തും നിനക്ക് ഉണ്ടാകുകയില്ല,

ഒരു ദുരന്തവും നിന്റെ കൂടാരത്തിന് അടുത്തെത്തുകയില്ല.

11 കാരണം അവിടന്ന് തന്റെ ദൂതന്മാരോട്

നിന്റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാൻ കൽപ്പിക്കും;

12 അവർ നിന്റെ പാദങ്ങൾ കല്ലിൽ മുട്ടാതെ

നിന്നെ അവരുടെ കരങ്ങളിലേന്തും.

13 സിംഹത്തെയും അണലിയെയും നീ ചതയ്ക്കും;

സിംഹക്കുട്ടികളെയും മഹാസർപ്പത്തെയും നീ മെതിക്കും.

14 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, "എന്നെ സ്നേഹിക്കുന്നവരെ ഞാൻ മോചിപ്പിക്കും;

എന്റെ നാമത്തിൽ ആശ്രയിക്കുന്നവരെ ഞാൻ സംരക്ഷിക്കും.

15 അവർ എന്നെ വിളിച്ചപേക്ഷിക്കും, ഞാൻ അവർക്ക് ഉത്തരമരുളും;

കഷ്ടതയിൽ ഞാൻ അവരോടൊപ്പമുണ്ടാകും,

ഞാൻ അവരെ വിടുവിച്ച് ബഹുമാനിക്കും.

16 ദീർഘായുസ്സ് നൽകി ഞാൻ അവരെ തൃപ്തരാക്കും

എന്റെ രക്ഷ ഞാൻ അവർക്കു കാണിച്ചുകൊടുക്കും."

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-