Publicidade

Salmos 27

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവ എന്റെ പ്രകാശവും എന്റെ രക്ഷയും ആകുന്നു—

ഞാൻ ആരെ ഭയപ്പെടും?

യഹോവ എന്റെ ജീവന്റെ അഭയസ്ഥാനം—

ഞാൻ ആരെ പേടിക്കും?

2 എന്നെ വിഴുങ്ങുന്നതിനായി

ദുഷ്ടർ എനിക്കെതിരേ പാഞ്ഞടുക്കുമ്പോൾ,

എന്റെ ശത്രുക്കളും വിരോധികളും എന്നെ ആക്രമിക്കുമ്പോൾ

അവരാണ് കാലിടറി നിലംപൊത്തുന്നത്!

3 ഒരു സൈന്യം എനിക്കെതിരേ ഉപരോധം തീർക്കുമ്പോൾ

എന്റെ ഹൃദയം ഭയരഹിതമായിരിക്കും,

എനിക്കെതിരേ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാലും

ഞാൻ ചഞ്ചലചിത്തനാകുകയില്ല.

4 യഹോവയോട് ഞാൻ ഒരു കാര്യം അപേക്ഷിക്കുന്നു;

ഇതുതന്നെയാണെന്റെ ആഗ്രഹവും:

യഹോവയുടെ മനോഹാരിത ദർശിക്കുന്നതിനും

അവിടത്തെ ആലയത്തിൽ ധ്യാനിക്കുന്നതിനുമായി

എന്റെ ജീവിതകാലംമുഴുവൻ

യഹോവയുടെ ആലയത്തിൽ അധിവസിക്കുന്നതിനുതന്നെ.

5 അനർഥദിവസത്തിൽ അവിടന്ന്

തന്റെ തിരുനിവാസത്തിൽ എനിക്കു സംരക്ഷണം നൽകും;

അവിടന്ന് തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും

ഒരു പാറമേൽ എന്നെ ഉയർത്തിനിർത്തും.

6 അപ്പോൾ എന്റെ ശിരസ്സ്

എന്നെ വലയംചെയ്യുന്ന ശത്രുക്കൾക്കുമീതേ ഉയർന്നുനിൽക്കും;

ആനന്ദഘോഷത്തോടുകൂടി അവിടത്തെ കൂടാരത്തിൽ ഞാൻ യാഗം അർപ്പിക്കും;

ഞാൻ വാദ്യഘോഷത്തോടെ യഹോവയ്ക്ക് പാടും.

7 യഹോവേ, ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ ശബ്ദം കേൾക്കണമേ;

എന്നോടു കരുണതോന്നി എനിക്കുത്തരമരുളണമേ.

8 "അങ്ങയുടെ മുഖമന്വേഷിക്കുക!" എന്റെ ഹൃദയം അങ്ങയെപ്പറ്റി എന്നോട് മന്ത്രിക്കുന്നു.

യഹോവേ, തിരുമുഖം ഞാൻ അന്വേഷിക്കും.

9 അങ്ങയുടെ മുഖം എന്നിൽനിന്നും മറയ്ക്കരുതേ,

കോപത്തോടെ അങ്ങയുടെ ദാസനെ തള്ളിക്കളയരുതേ;

അവിടന്നാണല്ലോ എന്റെ സഹായകൻ.

എന്റെ രക്ഷകനായ ദൈവമേ,

എന്നെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യരുതേ.

10 എന്റെ മാതാവും പിതാവും എന്നെ ഉപേക്ഷിച്ചാലും

യഹോവ എന്നെ ചേർത്തണയ്ക്കും.

11 യഹോവേ, അവിടത്തെ വഴി എന്നെ പഠിപ്പിക്കണമേ;

എനിക്കായ് പതിയിരിക്കുന്നവർനിമിത്തം

എന്നെ നേർപാതകളിൽ നടത്തണമേ.

12 എന്റെ ശത്രുക്കളുടെ ആഗ്രഹത്തിന് എന്നെ ഏൽപ്പിച്ചുകൊടുക്കരുതേ,

കാരണം എനിക്കെതിരേ കള്ളസാക്ഷികൾ എഴുന്നേറ്റിരിക്കുന്നു,

അവർ എനിക്കെതിരേ ക്രൂരത നിശ്വസിക്കുന്നു.

13 ഒരു കാര്യത്തിലെനിക്ക് ഉത്തമ വിശ്വാസമുണ്ട്:

ജീവനുള്ളവരുടെ ദേശത്ത്

യഹോവയുടെ നന്മ ഞാൻ ദർശിക്കും.

14 യഹോവയ്ക്കായി കാത്തിരിക്കുക;

ശക്തരായിരിക്കുക, സുധീരരായിരിക്കുക

യഹോവയ്ക്കായി കാത്തിരിക്കുക.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_18-40-07-