Publicidade

Salmos 138

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവേ, ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ പുകഴ്ത്തും;

"ദേവന്മാരുടെ" മുമ്പാകെ ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും.

2 ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തിനുനേരേ വണങ്ങിക്കൊണ്ട്

അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയുംനിമിത്തം

തിരുനാമത്തെ വാഴ്ത്തും,

കാരണം അവിടത്തെ പ്രശസ്തിയും മറികടക്കുംവിധം

അവിടത്തെ ഉത്തരവുകൾ ഉന്നതമാക്കിയല്ലോ.

3 ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചപ്പോൾ അവിടന്ന് എനിക്ക് ഉത്തരമരുളി;

അവിടന്ന് എനിക്ക് ശക്തി പകർന്ന് എന്നെ ധൈര്യപ്പെടുത്തി.

4 യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും

തിരുവായിൽനിന്നുള്ള ഉത്തരവുകൾ ശ്രവിക്കുമ്പോൾ അവിടത്തെ വാഴ്ത്തട്ടെ.

5 യഹോവയുടെ മഹത്ത്വം ഉന്നതമായിരിക്കുകയാൽ

അവർ യഹോവയുടെ വഴികളെപ്പറ്റി പാടട്ടെ.

6 യഹോവ മഹോന്നതൻ ആണെങ്കിലും അവിടന്ന് എളിയവരെ കടാക്ഷിക്കുന്നു;

എന്നാൽ അഹങ്കാരികളെ അവിടന്ന് ദൂരത്തുനിന്നുതന്നെ അറിയുന്നു.

7 കഷ്ടതകളുടെ നടുവിലാണ് എന്റെ ജീവിതമെങ്കിലും

അവിടന്ന് എന്റെ ജീവൻ സംരക്ഷിക്കുന്നു.

എന്റെ ശത്രുക്കളുടെ ക്രോധത്തിനുനേരേ അവിടന്ന് തിരുക്കരം നീട്ടുന്നു;

അവിടത്തെ വലതുകരം എന്നെ രക്ഷിക്കുന്നു.

8 യഹോവ എന്നെ കുറ്റവിമുക്തനാക്കും;

യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു—

തിരുക്കരങ്ങളുടെ പ്രവൃത്തിയെ ഉപേക്ഷിച്ചുകളയരുതേ.

സംഗീതസംവിധായകന്. കുറിപ്പ് കാണുക.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-