Publicidade

Salmos 10

നീതിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

1 യഹോവേ, അങ്ങ് ദൂരത്ത് നില്‍ക്കുന്നതെന്ത്?

കഷ്ടകാലത്ത് അങ്ങ് മറഞ്ഞുകളയുന്നതും എന്ത്?

2 ദുഷ്ടൻ അഹങ്കാരത്തോടെ എളിയവനെ പീഡിപ്പിക്കുന്നു;

അവൻ നിരൂപിച്ച ഉപായങ്ങളിൽ അവൻ തന്നെ പിടിക്കപ്പെടട്ടെ.

3 ദുഷ്ടൻ തന്‍റെ മനോരഥത്തിൽ പ്രശംസിക്കുന്നു;

ദുരാഗ്രഹി യഹോവയെ ത്യജിച്ച് നിന്ദിക്കുന്നു.

4 ഉന്നതഭാവമുള്ള ദുഷ്ടൻ ദൈവത്തെ അന്വേഷിക്കുന്നില്ല;

"ദൈവം ഇല്ല" എന്നാകുന്നു അവന്‍റെ നിരൂപണം ഒക്കെയും.

5 അവന്‍റെ വഴികൾ എല്ലായ്‌പ്പോഴും സഫലമാകുന്നു;

അങ്ങേയുടെ ന്യായവിധികൾ അവൻ കാണാത്തവണ്ണം ഉന്നതമാകുന്നു;

തന്‍റെ സകലശത്രുക്കളോടും അവൻ ചീറുന്നു.

6 "ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല"

എന്നു അവൻ തന്‍റെ ഹൃദയത്തിൽ പറയുന്നു.

7 അവന്‍റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു;

അവന്‍റെ നാവിൻ കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു.

8 അവൻ ഗ്രാമങ്ങളുടെ ഒളിവിടങ്ങളിൽ പതിയിരിക്കുന്നു;

മറവിടങ്ങളിൽവച്ച് അവൻ നിഷ്ക്കളങ്കനെ കൊല്ലുന്നു;

അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണ് വച്ചിരിക്കുന്നു.

9 സിംഹം മുറ്റുകാട്ടിൽ ഇര പിടിക്കാൻ പതുങ്ങുന്നതുപോലെ;

എളിയവനെ പിടിക്കുവാൻ അവൻ പതിയിരിക്കുന്നു;

എളിയവനെ തന്‍റെ വലയിൽ ചാടിച്ചു പിടിക്കുന്നു.

10 അവൻ കുനിഞ്ഞ് പതുങ്ങിക്കിടക്കുന്നു;

അഗതികൾ അവന്‍റെ ബലത്താൽ വീണുപോകുന്നു.

11 "ദൈവം മറന്നിരിക്കുന്നു, അവിടുന്ന് തന്‍റെ മുഖം മറച്ചിരിക്കുന്നു;

ദൈവം ഒരുനാളും കാണുകയില്ല" എന്നു അവൻ ഹൃദയത്തിൽ പറയുന്നു.

12 യഹോവേ, എഴുന്നേല്ക്കേണമേ, ദൈവമേ, തൃക്കൈ ഉയർത്തേണമേ;

എളിയവരെ മറക്കരുതേ.

13 ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും

"ദൈവം കണക്ക് ചോദിക്കുകയില്ല" എന്നു തന്‍റെ ഉള്ളിൽ പറയുന്നതും എന്തിന്?

14 അങ്ങ് അത് കണ്ടിരിക്കുന്നു, തൃക്കൈകൊണ്ട് പകരം ചെയ്യുവാൻ

ദോഷത്തെയും പകയെയും അവിടുന്ന് നോക്കിക്കണ്ടിരിക്കുന്നു;

അഗതി സ്വയം അങ്ങേയുടെ കൈകളിൽ ഏല്പിക്കുന്നു;

അനാഥന് അവിടുന്ന് സഹായി ആകുന്നു.

15 ദുഷ്ടന്‍റെ ഭുജത്തെ അവിടുന്ന് ഒടിക്കേണമേ;

ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുംവരെ അതിന് പ്രതികാരം ചെയ്യേണമേ.

16 യഹോവ എന്നെന്നേക്കും രാജാവാകുന്നു;

ജനതകൾ അവിടുത്തെ ദേശത്തുനിന്ന് നശിച്ചുപോയിരിക്കുന്നു.

17 ഭൂമിയിലെ മനുഷ്യൻ ഇനി ഭയപ്പെടുത്താതിരിക്കുവാൻ

അവിടുന്ന് അനാഥനും പീഡിതനും ന്യായപാലനം ചെയ്യേണ്ടതിന്

18 യഹോവേ, അവിടുന്ന് സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു;

അവരുടെ ഹൃദയത്തെ ഉറപ്പിക്കുകയും അവിടുത്തെ ചെവിചായിച്ചു കേൾക്കുകയും ചെയ്യുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-