Publicidade

Salmos 24

മഹത്വത്തിന്‍റെ രാജാവ്
ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 ഭൂമിയും അതിന്‍റെ പൂർണ്ണതയും

ഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു.

2 സമുദ്രങ്ങളുടെ മേൽ കർത്താവ് അതിനെ സ്ഥാപിച്ചു;

നദികളുടെമേൽ കർത്താവ് അതിനെ ഉറപ്പിച്ചു.

3 യഹോവയുടെ പർവ്വതത്തിൽ ആര്‍ കയറും?

അവിടുത്തെ വിശുദ്ധസ്ഥലത്ത് ആര്‍ നില്ക്കും?

4 വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ.

വ്യാജത്തിന് മനസ്സുവയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ:

5 അവൻ യഹോവയോട് അനുഗ്രഹവും

തന്‍റെ രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും.

6 ഇങ്ങനെയുള്ളവർ ആകുന്നു ദൈവത്തെ അന്വേഷിക്കുന്നവരുടെ തലമുറ;

യാക്കോബിന്‍റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ. സേലാ.

7 വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ;

പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ;

മഹത്വത്തിന്‍റെ രാജാവ് പ്രവേശിക്കട്ടെ.

8 മഹത്വത്തിന്‍റെ രാജാവ് ആര്‍?

ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ.

9 വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ;

പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ;

മഹത്വത്തിന്‍റെ രാജാവ് പ്രവേശിക്കട്ടെ.

10 മഹത്വത്തിന്‍റെ രാജാവ് ആര്‍?

സൈന്യങ്ങളുടെ യഹോവ തന്നെ;

അവിടുന്നാണ് മഹത്വത്തിന്‍റെ രാജാവ്. സേലാ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-