Publicidade

Salmos 139

എല്ലാം അറിയുന്ന ദൈവം
സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 യഹോവേ, അങ്ങ് എന്നെ പരിശോധന ചെയ്തു അറിഞ്ഞിരിക്കുന്നു;

2 ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും അവിടുന്ന് അറിയുന്നു.

എന്‍റെ ചിന്തകൾ അങ്ങ് ദൂരത്തുനിന്ന് ഗ്രഹിക്കുന്നു.

3 എന്‍റെ നടപ്പും കിടപ്പും അങ്ങ് പരിശോധിക്കുന്നു;

എന്‍റെ വഴികളെല്ലാം അങ്ങേക്കു മനസ്സിലായിരിക്കുന്നു.

4 യഹോവേ, അങ്ങ് മുഴുവനും അറിയാതെ

ഒരു വാക്കും എന്‍റെ നാവിൽ ഇല്ല.

5 അങ്ങ് എന്‍റെ മുമ്പും പിമ്പും അടച്ച്

അങ്ങേയുടെ കൈ എന്‍റെ മേൽ വച്ചിരിക്കുന്നു.

6 ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു;

അത് എനിക്ക് ഗ്രഹിച്ചുകൂടാത്തവിധം ഉന്നതമായിരിക്കുന്നു.

7 അങ്ങേയുടെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടെ പോകും?

തിരുസന്നിധിവിട്ട് ഞാൻ എവിടേക്ക് ഓടും?

8 ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ അങ്ങ് അവിടെ ഉണ്ട്;

പാതാളത്തിൽ എന്‍റെ കിടക്ക വിരിച്ചാൽ അങ്ങ് അവിടെ ഉണ്ട്.

9 ഞാൻ ഉഷസ്സിന്‍റെ ചിറകു ധരിച്ച്,

സമുദ്രത്തിന്‍റെ അറ്റത്തു ചെന്നു വസിച്ചാൽ

10 അവിടെയും അങ്ങേയുടെ കൈ എന്നെ നടത്തും;

അങ്ങേയുടെ വലങ്കൈ എന്നെ പിടിക്കും.

11 "ഇരുട്ട് എന്നെ മൂടിക്കളയട്ടെ;

വെളിച്ചം എന്‍റെ ചുറ്റും രാത്രിയായിത്തീരട്ടെ" എന്നു ഞാൻ പറഞ്ഞാൽ

12 ഇരുട്ടിൽപോലും അങ്ങേക്ക് ഒന്നും മറഞ്ഞിരിക്കുകയില്ല;

രാത്രി പകൽപോലെ പ്രകാശിക്കും;

ഇരുട്ടും വെളിച്ചവും നിനക്കു തുല്യം തന്നെ.

13 അങ്ങല്ലയോ എന്‍റെ ആന്തരിക അവയവങ്ങൾ നിർമ്മിച്ചത്;

എന്‍റെ അമ്മയുടെ ഉദരത്തിൽ അങ്ങ് എന്നെ മെനഞ്ഞു.

14 ഭയങ്കരവും അത്ഭുതകരവുമായി എന്നെ സൃഷ്ടിച്ചിരിക്കുകയാൽ

ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യുന്നു;

അങ്ങേയുടെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു;

അത് എന്‍റെ ഉള്ളം നല്ലവണ്ണം അറിയുന്നു.

15 ഞാൻ രഹസ്യത്തിൽ നിർമ്മിക്കപ്പെടുകയും

ഭൂമിയുടെ അധോഭാഗങ്ങളിൽ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോൾ

എന്‍റെ അസ്ഥികൂടം അങ്ങേക്ക് മറഞ്ഞിരുന്നില്ല.

16 ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ അങ്ങേയുടെ കണ്ണ് എന്നെ കണ്ടു;

എനിക്കുവേണ്ടി നിയമിക്കപ്പെട്ട നാളുകൾ ഒന്നും ഇല്ലാതിരുന്നപ്പോൾ

അവയെല്ലാം അങ്ങേയുടെ പുസ്തകത്തിൽ എഴുതിയിരുന്നു;

17 ദൈവമേ, എന്നെക്കുറിച്ചുള്ള അങ്ങേയുടെ വിചാരങ്ങൾ എത്ര ഘനമായവ!

അവയുടെ ആകെത്തുകയും എത്ര വലിയത്!

18 അവ എണ്ണിയാൽ മണലിനെക്കാൾ അധികം;

ഞാൻ ഉണരുമ്പോൾ ഇനിയും ഞാൻ അങ്ങേയുടെ അടുക്കൽ ഇരിക്കുന്നു.

19 ദൈവമേ, അങ്ങ് ദുഷ്ടനെ നിഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു;

ക്രൂരജനമേ, എന്നെവിട്ടു പോകുവിൻ.

20 അവർ ദ്രോഹമായി അങ്ങയെക്കുറിച്ചു സംസാരിക്കുന്നു;

അങ്ങേയുടെ ശത്രുക്കൾ അങ്ങേയുടെ നാമം വൃഥാ എടുക്കുന്നു.

21 യഹോവേ, അങ്ങയെ വെറുക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ?

അങ്ങേയോട് എതിർത്തുനില്ക്കുന്നവരെ ഞാൻ എതിർക്കേണ്ടതല്ലയോ?

22 ഞാൻ പൂർണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു;

അവരെ എന്‍റെ ശത്രുക്കളായി എണ്ണുന്നു.

23 ദൈവമേ, എന്നെ പരിശോധന ചെയ്തു എന്‍റെ ഹൃദയത്തെ അറിയേണമേ;

എന്നെ പരീക്ഷിച്ച് എന്‍റെ വിചാരങ്ങൾ അറിയേണമേ.

24 വ്യസനത്തിനുള്ള വഴികൾ എന്നിൽ ഉണ്ടോ എന്നു നോക്കി,

ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-