Publicidade

Salmos 146

രക്ഷകനായ ദൈവത്തിനു സ്തോത്രം
ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 യഹോവയെ സ്തുതിക്കുവിൻ;

എൻ മനമേ, യഹോവയെ സ്തുതിക്കുക.

2 ആയുഷ്ക്കാലം മുഴുവൻ ഞാൻ യഹോവയെ സ്തുതിക്കും;

ഞാൻ ഉള്ള കാലത്തോളം എന്‍റെ ദൈവത്തിനു കീർത്തനം ചെയ്യും.

3 നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്;

സഹായിക്കുവാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്.

4 അവന്‍റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു മടങ്ങുന്നു;

അന്നു തന്നെ അവന്‍റെ നിരൂപണങ്ങൾ നശിക്കുന്നു.

5 യാക്കോബിന്‍റെ ദൈവം സഹായമായി

തന്‍റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.

6 ദൈവം ആകാശവും ഭൂമിയും സമുദ്രവും

അവയിലുള്ള സകലവും ഉണ്ടാക്കി;

കർത്താവ് എന്നേക്കും വിശ്വസ്തനായിരിക്കുന്നു.

7 പീഡിതന്മാർക്ക് ദൈവം ന്യായം പാലിച്ചു കൊടുക്കുന്നു;

വിശപ്പുള്ളവർക്ക് ദൈവം ആഹാരം നല്കുന്നു;

യഹോവ ബദ്ധന്മാർക്ക് സ്വാതന്ത്ര്യം നൽകുന്നു.

8 യഹോവ കുരുടന്മാർക്ക് കാഴ്ച കൊടുക്കുന്നു;

യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു;

യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.

9 യഹോവ പരദേശികളെ പരിപാലിക്കുന്നു;

കർത്താവ് അനാഥനെയും വിധവയെയും സംരക്ഷിക്കുന്നു;

എന്നാൽ ദുഷ്ടന്മാരുടെ വഴി ദൈവം മറിച്ചുകളയുന്നു.

10 യഹോവ എന്നേക്കും വാഴും;

സീയോനേ, നിന്‍റെ ദൈവം തലമുറതലമുറയോളം തന്നെ.

യഹോവയെ സ്തുതിക്കുവിൻ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-