Publicidade

Salmos 19

ദൈവത്തിന്‍റെ മഹത്വം
സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 ആകാശം ദൈവത്തിന്‍റെ മഹത്വം വർണ്ണിക്കുന്നു;

ആകാശവിതാനം അവിടുത്തെ കൈവേല വെളിപ്പെടുത്തുന്നു.

2 ഒരു പകൽ മറ്റൊരു പകലിനോട് സംസാരിക്കുന്നു;

രാത്രി രാത്രിക്ക് ജ്ഞാനം പകർന്നു കൊടുക്കുന്നു.

3 സംഭാഷണമില്ല, വാക്കുകളില്ല,

ശബ്ദം കേൾക്കുവാനും ഇല്ല.

4 ഭൂമിയിൽ എല്ലായിടവും അതിന്‍റെ അളവുനൂലും

ഭൂതലത്തിന്‍റെ അറ്റത്തോളം അതിന്‍റെ വചനങ്ങളും ചെല്ലുന്നു;

അവിടെ ദൈവം സൂര്യന് ഒരു കൂടാരം അടിച്ചിരിക്കുന്നു.

5 അത് മണവറയിൽനിന്ന് പുറപ്പെടുന്ന മണവാളന് തുല്യം;

വീരനെപ്പോലെ അതിന്‍റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു.

6 ആകാശത്തിന്‍റെ ഒരറ്റത്തുനിന്ന് അതിന്‍റെ ഉദയവും

അറുതിവരെ അതിന്‍റെ അയനവും ആകുന്നു;

അതിന്‍റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നത് ഒന്നുമില്ല.

7 യഹോവയുടെ ന്യായപ്രമാണം തികവുള്ളത്;

അത് പ്രാണനെ തണുപ്പിക്കുന്നു.

യഹോവയുടെ സാക്ഷ്യം വിശ്വാസ യോഗ്യമാകുന്നു;

അത് അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.

8 യഹോവയുടെ ആജ്ഞകൾ നേരുള്ളവ;

അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;

യഹോവയുടെ കല്പന നിർമ്മലമായത്;

അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

9 യഹോവാഭക്തി നിർമ്മലമായത്;

അത് എന്നേക്കും നിലനില്ക്കുന്നു;

യഹോവയുടെ വിധികൾ സത്യമാകുന്നു;

അവ ഒന്നൊഴിയാതെ നീതിയുള്ളവയാകുന്നു.

10 അവ പൊന്നിനെക്കാളും വളരെ തങ്കത്തെക്കാളും ആഗ്രഹിക്കത്തക്കവ;

തേനിനേക്കാളും തേങ്കട്ടയേക്കാളും മധുരമുള്ളവ.

11 അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു;

അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ട്.

12 തന്‍റെ തെറ്റുകൾ ഗ്രഹിക്കുന്നവൻ ആര്‍?

മറഞ്ഞിരിക്കുന്ന തെറ്റുകൾ പോക്കി എന്നെ കുറ്റവിമുക്തനാക്കേണമേ.

13 സ്വമേധാപാപങ്ങളിൽ നിന്ന് അടിയനെ കാക്കേണമേ;

അവ എന്‍റെ മേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാപത്തിൽ നിന്നും ഒഴിഞ്ഞവനും ആയിരിക്കും.

14 എന്‍റെ പാറയും എന്‍റെ വീണ്ടെടുപ്പുകാരനുമായ യഹോവേ,

എന്‍റെ വായിലെ വാക്കുകളും എന്‍റെ ഹൃദയത്തിലെ ധ്യാനവും

അങ്ങേയ്ക്കു പ്രസാദമായിരിക്കട്ടെ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-