Publicidade

Salmos 86

എളിയവന്‍റെ പ്രാർത്ഥന
ദാവീദിന്‍റെ ഒരു പ്രാർത്ഥന.

1 യഹോവേ, ചെവി ചായിക്കേണമേ; എനിക്കുത്തരമരുളേണമേ;

ഞാൻ എളിയവനും ദരിദ്രനും ആകുന്നു.

2 എന്‍റെ പ്രാണനെ കാക്കേണമേ;

ഞാൻ അങ്ങേയുടെ ഭക്തനാകുന്നുവല്ലോ;

എന്‍റെ ദൈവമേ, അങ്ങയിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ.

3 കർത്താവേ, എന്നോട് കൃപയുണ്ടാകേണമേ;

ഇടവിടാതെ ഞാൻ അങ്ങേയോട് നിലവിളിക്കുന്നു.

4 അടിയന്‍റെ ഉള്ളത്തെ സന്തോഷിപ്പിക്കേണമേ;

യഹോവേ, അങ്ങയിലേക്ക് ഞാൻ എന്‍റെ ഉള്ളം ഉയർത്തുന്നു.

5 കർത്താവേ, അവിടുന്ന് നല്ലവനും ക്ഷമിക്കുന്നവനും

അങ്ങേയോട് അപേക്ഷിക്കുന്ന എല്ലാവരോടും മഹാദയാലുവും ആകുന്നു.

6 യഹോവേ, എന്‍റെ പ്രാർത്ഥന ചെവിക്കൊള്ളേണമേ;

എന്‍റെ യാചനകൾ ശ്രദ്ധിക്കേണമേ.

7 അവിടുന്ന് എനിക്ക് ഉത്തരമരുളുകയാൽ

എന്‍റെ കഷ്ടദിവസത്തിൽ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.

8 കർത്താവേ, ദേവന്മാരിൽ അങ്ങേക്ക് തുല്യനായി ആരുമില്ല.

അങ്ങേയുടെ പ്രവൃത്തികൾക്കു തുല്യമായി ഒരു പ്രവൃത്തിയുമില്ല.

9 കർത്താവേ, അവിടുന്ന് ഉണ്ടാക്കിയ സകലജനതകളും തിരുമുമ്പിൽ വന്ന് നമസ്കരിക്കും;

അവർ അങ്ങേയുടെ നാമത്തെ മഹത്വപ്പെടുത്തും.

10 അവിടുന്ന് വലിയവനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനുമല്ലയോ?

അവിടുന്ന് മാത്രം ദൈവമാകുന്നു.

11 യഹോവേ, അങ്ങേയുടെ വഴി എന്നെ പഠിപ്പിക്കേണമേ;

എന്നാൽ ഞാൻ അങ്ങേയുടെ സത്യത്തിൽ നടക്കും;

അങ്ങേയുടെ നാമത്തെ ഭയപ്പെടുവാൻ എന്‍റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.

12 എന്‍റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്തുതിക്കും;

അങ്ങേയുടെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.

13 എന്നോടുള്ള അങ്ങേയുടെ ദയ വലിയതാണല്ലോ;

അവിടുന്ന് എന്‍റെ പ്രാണനെ പാതാളത്തിന്‍റെ ആഴത്തിൽ നിന്ന് രക്ഷിച്ചിരിക്കുന്നു.

14 ദൈവമേ, അഹങ്കാരികൾ എന്നോട് എതിർത്തിരിക്കുന്നു.

നീചന്മാരുടെ കൂട്ടം എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നു.

അവർ അങ്ങയെ ശ്രദ്ധിക്കുന്നതുമില്ല.

15 കർത്താവേ, അങ്ങ് കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു;

ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നെ.

16 എന്നിലേക്കു തിരിഞ്ഞ് എന്നോട് കൃപയുണ്ടാകേണമേ;

അങ്ങേയുടെ ദാസന് അങ്ങേയുടെ ശക്തി തന്ന്,

അങ്ങേയുടെ ദാസിയുടെ പുത്രനെ രക്ഷിക്കേണമേ.

17 എന്നെ വെറുക്കുന്നവർ കണ്ടു ലജ്ജിക്കേണ്ടതിന്

നന്മയ്ക്കായി ഒരു അടയാളം എനിക്ക് തരേണമേ;

യഹോവേ, അവിടുന്ന് എന്നെ സഹായിച്ച് ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-