Publicidade

Salmos 51

പാപക്ഷമയ്ക്കുവേണ്ടിയുള്ള പ്രാർത്ഥന
സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീർത്തനം. ദാവീദ് ബത്ത്-ശേബയുടെ അടുക്കൽ ചെന്നശേഷം നാഥാൻ പ്രവാചകൻ ദാവീദിന്‍റെ അടുക്കൽ വന്നപ്പോൾ വായ്മൊഴി രൂപം നൽകിയത്.

1 ദൈവമേ, അങ്ങേയുടെ ദയയ്ക്കു തക്കവണ്ണം എന്നോട് കൃപയുണ്ടാകേണമേ;

അങ്ങേയുടെ ബഹുവിധമായ കാരുണ്യപ്രകാരം

എന്‍റെ ലംഘനങ്ങൾ മായിച്ചുകളയേണമേ.

2 എന്നെ നന്നായി കഴുകി എന്‍റെ അകൃത്യം പോക്കേണമേ;

എന്‍റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.

3 എന്‍റെ ലംഘനങ്ങൾ ഞാൻ അറിയുന്നു;

എന്‍റെ പാപം എപ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു.

4 അങ്ങയോടു തന്നെ ഞാൻ പാപംചെയ്തു;

അവിടുത്തേക്ക് അനിഷ്ടമായത് ഞാൻ ചെയ്തിരിക്കുന്നു.

സംസാരിക്കുമ്പോൾ അവിടുന്ന് നീതിമാനായും

വിധിക്കുമ്പോൾ നിർമ്മലനായും ഇരിയ്ക്കുന്നുവല്ലോ.

5 ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി;

പാപത്തിൽ എന്‍റെ അമ്മ എന്നെ ഗർഭംധരിച്ചു.

6 അന്തർഭാഗത്തെ സത്യമല്ലോ അവിടുന്ന് ഇച്ഛിക്കുന്നത്;

അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.

7 ഞാൻ നിർമ്മലനാകേണ്ടതിന് എന്‍റെ പാപങ്ങളെ കഴുകേണമേ എന്നെ ശുദ്ധീകരിക്കേണമേ;

ഞാൻ ഹിമത്തെക്കാൾ വെണ്മയാകേണ്ടതിന് എന്നെ കഴുകേണമേ.

8 സന്തോഷവും ആനന്ദവും എന്നെ കേൾപ്പിക്കേണമേ;

അവിടുന്ന് ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ.

9 എന്‍റെ പാപങ്ങൾ കാണാത്തവിധം തിരുമുഖം മറയ്ക്കേണമേ;

എന്‍റെ അകൃത്യങ്ങളെല്ലാം മായിച്ചുകളയേണമേ.

10 ദൈവമേ, നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിച്ച്

സ്ഥിരതയുള്ള ഒരു ആത്മാവ് എന്നിൽ പുതുക്കേണമേ.

11 തിരുസന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ

അങ്ങേയുടെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുക്കുകയുമരുതേ.

12 അവിടുത്തെ രക്ഷയുടെ സന്തോഷം എനിക്ക് തിരികെ തരേണമേ;

മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ.

13 അപ്പോൾ ഞാൻ അതിക്രമക്കാരോട് അവിടുത്തെ വഴികൾ ഉപദേശിക്കും;

പാപികൾ നിങ്കലേക്ക് മനം തിരിഞ്ഞുവരും.

14 ദൈവമേ, എന്‍റെ രക്ഷയുടെ ദൈവമേ!

രക്തം ചിന്തിയ പാപത്തിൽനിന്ന് എന്നെ മോചിപ്പിക്കേണമേ;

എന്നാൽ എന്‍റെ നാവ് അങ്ങേയുടെ നീതിയെ ഘോഷിക്കും.

15 കർത്താവേ, എന്‍റെ അധരങ്ങളെ തുറക്കേണമേ;

എന്നാൽ എന്‍റെ വായ് അങ്ങേക്ക് സ്തുതിപാടും.

16 ഹനനയാഗം അവിടുന്ന് ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു;

ഹോമയാഗത്തിൽ അങ്ങേക്ക് പ്രസാദവുമില്ല.

17 ദൈവത്തിന് പ്രസാദകരമയിരിക്കുന്ന ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സല്ലയോ?

തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, അവിടുന്ന് നിരസിക്കുകയില്ല.

18 അവിടുത്തെ പ്രസാദപ്രകാരം സീയോനോട് നന്മ ചെയ്യേണമേ;

യെരൂശലേമിന്‍റെ മതിലുകളെ പണിയേണമേ;

19 അപ്പോൾ അവിടുന്ന് നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവ്വാംഗഹോമങ്ങളിലും പ്രസാദിക്കും;

അപ്പോൾ അവർ അങ്ങേയുടെ യാഗപീഠത്തിൽ കാളകളെ അർപ്പിക്കും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-