Publicidade

Salmos 27

ദൈവത്തിലുള്ള ആശ്രയം
ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 യഹോവ എന്‍റെ വെളിച്ചവും എന്‍റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും?

യഹോവ എന്‍റെ ജീവന്‍റെ ബലം; ഞാൻ ആരെ പേടിക്കും?

2 എന്‍റെ വൈരികളും ശത്രുക്കളുമായ ദുഷ്ടത പ്രവർത്തിക്കുന്നവർ

എന്‍റെ മാംസം തിന്നുവാൻ എന്നോട് അടുക്കുമ്പോൾ ഇടറിവീഴും.

3 ഒരു സൈന്യം എന്‍റെ നേരെ പാളയമിറങ്ങിയാലും

എന്‍റെ ഹൃദയം ഭയപ്പെടുകയില്ല;

എനിക്ക് യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും.

4 ഞാൻ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു; അത് തന്നെ ഞാൻ ആഗ്രഹിക്കുന്നു;

യഹോവയുടെ സൗന്ദര്യം കാണുവാനും അവിടുത്തെ മന്ദിരത്തിൽ ധ്യാനിക്കുവാനും

എന്‍റെ ആയുഷ്കാലമെല്ലാം ഞാൻ യഹോവയുടെ ആലയത്തിൽ വസിക്കേണ്ടതിനു തന്നെ.

5 അനർത്ഥദിവസത്തിൽ കർത്താവ് തന്‍റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും;

തിരുനിവാസത്തിന്‍റെ മറവിൽ എന്നെ മറയ്ക്കും;

പാറമേൽ എന്നെ ഉയർത്തും.

6 ഇപ്പോൾ എന്‍റെ ചുറ്റുമുള്ള ശത്രുക്കളേക്കാൾ എന്‍റെ തല ഉയർന്നിരിക്കും;

കർത്താവിന്‍റെ കൂടാരത്തിൽ ഞാൻ ജയഘോഷയാഗങ്ങൾ അർപ്പിക്കും;

ഞാൻ യഹോവയ്ക്ക് പാടി കീർത്തനം ചെയ്യും.

7 യഹോവേ, ഞാൻ വിളിക്കുമ്പോൾ കേൾക്കേണമേ;

എന്നോട് കൃപ ചെയ്തു എനിക്ക് ഉത്തരമരുളേണമേ.

8 "എന്‍റെ മുഖം അന്വേഷിക്കുക" എന്നു അങ്ങയിൽനിന്ന് കല്പന വന്നു എന്നു എന്‍റെ ഹൃദയം പറയുന്നു;

യഹോവേ, ഞാൻ തിരുമുഖം അന്വേഷിക്കുന്നു.

9 തിരുമുഖം എനിക്ക് മറയ്ക്കരുതേ;

അടിയനെ കോപത്തോടെ തള്ളിക്കളയരുതേ;

അവിടുന്ന് എനിക്ക് തുണയായിരിക്കുന്നു;

എന്‍റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കുകയും അരുതേ.

10 എന്‍റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും

കർത്താവ് എന്നെ ചേർത്തുകൊള്ളും.

11 യഹോവേ, അങ്ങേയുടെ വഴി എന്നെ പഠിപ്പിക്കേണമേ;

എന്‍റെ ശത്രുക്കൾ നിമിത്തം നേരെയുള്ള പാതയിൽ എന്നെ നടത്തേണമേ.

12 എന്‍റെ വൈരികളുടെ ഇഷ്ടത്തിന് എന്നെ ഏല്പിച്ചുകൊടുക്കരുതേ;

ക്രൂരത പ്രവർത്തിക്കുന്ന കള്ളസാക്ഷികൾ എന്നോട് എതിർത്തുനില്ക്കുന്നു.

13 ഞാൻ ജീവനുള്ളവരുടെ ദേശത്ത്

യഹോവയുടെ നന്മ കാണും എന്നു വിശ്വസിച്ചില്ലായിരുന്നുവെങ്കിൽ കഷ്ടം!

14 യഹോവയിൽ പ്രത്യാശവക്കുക; ധൈര്യപ്പെട്ടിരിക്കുക;

നിന്‍റെ ഹൃദയം ഉറച്ചിരിക്കട്ടെ;

അതേ, യഹോവയിൽ പ്രത്യാശവക്കുക.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-