Publicidade

Salmos 37

ക്ഷമയ്ക്കും വിശ്വാസത്തിനുമുള്ള പ്രബോധനം
ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 ദുഷ്പ്രവൃത്തിക്കാർനിമിത്തം നീ ദുഃഖിക്കരുത്;

നീതികേട് പ്രവർത്തിക്കുന്നവരോട് അസൂയപ്പെടുകയുമരുത്.

2 അവർ പുല്ല് പോലെ വേഗത്തിൽ ഉണങ്ങി

പച്ചച്ചെടിപോലെ വാടിപ്പോകുന്നു.

3 യഹോവയിൽ ആശ്രയിച്ച് നന്മചെയ്യുക;

ദേശത്ത് വസിച്ച് ദൈവത്തോട് വിശ്വസ്തത പാലിക്കുക.

4 യഹോവയിൽ തന്നെ രസിച്ചുകൊള്ളുക;

കർത്താവ് നിന്‍റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ നിനക്കു തരും.

5 നിന്‍റെ വഴി യഹോവയെ ഭരമേല്പിക്കുക;

കർത്താവിൽ തന്നെ ആശ്രയിക്കുക; അവിടുന്ന് അത് നിവർത്തിക്കും.

6 കർത്താവ് നിന്‍റെ നീതിയെ പ്രഭാതം പോലെയും

നിന്‍റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.

7 യഹോവയുടെ മുമ്പാകെ ക്ഷമയോടെയിരുന്ന് കർത്താവിനായി പ്രത്യാശിക്കുക;

സ്വന്ത വഴിയിൽ അഭിവൃദ്ധിപ്പെടുന്നവനെക്കുറിച്ചും

ദുരുപായം പ്രയോഗിക്കുന്നവനെക്കുറിച്ചും നീ മുഷിയരുത്.

8 കോപം കളഞ്ഞ് ക്രോധം ഉപേക്ഷിക്കുക;

മുഷിഞ്ഞുപോകരുത്; അത് ദോഷത്തിന് കാരണമായിത്തീരും.

9 ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും;

യഹോവയിൽ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.

10 അല്പം കഴിഞ്ഞാൽ ദുഷ്ടൻ ഉണ്ടാകുകയില്ല;

നീ അവന്‍റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.

11 എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും;

സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.

12 ദുഷ്ടൻ നീതിമാന് ദോഷം നിരൂപിക്കുന്നു;

അവന്‍റെനേരെ അവൻ പല്ല് കടിക്കുന്നു.

13 കർത്താവ് അവനെ നോക്കി ചിരിക്കും;

അവന്‍റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു.

14 എളിയവനെയും ദരിദ്രനെയും വീഴിക്കുവാനും സന്മാർഗ്ഗികളെ കൊല്ലുവാനും

ദുഷ്ടന്മാർ വാളൂരി, വില്ല് കുലച്ചിരിക്കുന്നു.

15 അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നെ കടക്കും;

അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും.

16 അനേകം ദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ

നീതിമാനുള്ള അല്പം ഏറ്റവും നല്ലത്.

17 ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും;

എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും.

18 യഹോവ നിഷ്കളങ്കരായവരുടെ നാളുകൾ അറിയുന്നു;

അവരുടെ അവകാശം ശാശ്വതമായിരിക്കും.

19 ദുഷ്ക്കാലത്ത് അവർ ലജ്ജിച്ചു പോകുകയില്ല;

ക്ഷാമകാലത്ത് അവർ തൃപ്തരായിരിക്കും.

20 എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും;

യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്‍റെ ഭംഗിപോലെയത്രെ;

അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും.

21 ദുഷ്ടൻ വായ്പ വാങ്ങിയിട്ട്, തിരികെ കൊടുക്കുന്നില്ല;

നീതിമാനോ ദയതോന്നി ദാനം ചെയ്യുന്നു.

22 യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും.

ദൈവത്താൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും.

23 ഒരു മനുഷ്യന്‍റെ വഴിയിൽ പ്രസാദം തോന്നിയാൽ

യഹോവ അവന്‍റെ ഗമനം സ്ഥിരമാക്കുന്നു.

24 അവൻ വീണാലും നിലംപരിചാകുകയില്ല;

യഹോവ അവനെ കൈ പിടിച്ച് താങ്ങുന്നു.

25 ഞാൻ ബാലനായിരുന്നു, ഇപ്പോൾ വൃദ്ധനായിരിക്കുന്നു;

നീതിമാൻ തുണയില്ലാതിരിക്കുന്നതും

അവന്‍റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.

26 അവൻ നിത്യവും ദയതോന്നി വായ്പ കൊടുക്കുന്നു;

അവന്‍റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.

27 ദോഷം വിട്ടൊഴിഞ്ഞ് ഗുണം ചെയ്യുക;

എന്നാൽ നീ സദാകാലം സുഖമായി ജീവിച്ചിരിക്കും.

28 യഹോവ ന്യായപ്രിയനാകുന്നു; അവിടുത്തെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല;

അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു;

ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.

29 നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും;

30 നീതിമാന്‍റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു;

അവന്‍റെ നാവ് ന്യായം സംസാരിക്കുന്നു.

31 തന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണം അവന്‍റെ ഹൃദയത്തിൽ ഉണ്ട്;

അവന്‍റെ കാലടികൾ വഴുതുകയില്ല.

32 ദുഷ്ടൻ നീതിമാനെ കൊല്ലുവാനായി പതിയിരിക്കുന്നു,

33 യഹോവ അവനെ അവന്‍റെ കയ്യിൽ വിട്ടുകൊടുക്കുകയില്ല;

ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കുകയുമില്ല.

34 യഹോവയ്ക്കായി പ്രത്യാശിച്ച് അവിടുത്തെ വഴി പ്രമാണിച്ച് നടക്കുക;

എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ കർത്താവ് നിന്നെ ഉയർത്തും;

ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നത് നീ കാണും.

35 ദുഷ്ടൻ പ്രബലനായിരിക്കുന്നതും;

സ്വദേശത്തുള്ള പച്ചവൃക്ഷം പോലെ തഴച്ചുവളരുന്നതും ഞാൻ കണ്ടിട്ടുണ്ട്.

36 ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല;

ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല.

37 നിഷ്കളങ്കനെ ശ്രദ്ധിക്കുക; നേരുള്ളവനെ നോക്കിക്കൊള്ളുക;

സമാധാനപുരുഷന് സന്തതി ഉണ്ടാകും.

38 എന്നാൽ അതിക്രമക്കാർ പൂർണ്ണമായി മുടിഞ്ഞുപോകും;

അവരുടെ പിൻഗാമികൾ നശിപ്പിക്കപ്പെടും.

39 നീതിമാന്മാരുടെ രക്ഷ യഹോവയിൽനിന്ന് വരുന്നു;

കഷ്ടകാലത്ത് കർത്താവ് അവരുടെ ദുർഗ്ഗം ആകുന്നു.

40 യഹോവ അവരെ സഹായിച്ച് വിടുവിക്കുന്നു;

അവർ കർത്താവിൽ ആശ്രയിക്കയാൽ

അവിടുന്ന് അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്ന് വിടുവിച്ച് രക്ഷിക്കുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-