Publicidade

Salmos 8

ദൈവിക മഹത്വവും മനുഷ്യ അന്തസ്സും
സംഗീതപ്രമാണിക്ക് ഗത്ത്യവാദ്യത്തിൽ ആലപിച്ച; ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 ഞങ്ങളുടെ കർത്താവായ യഹോവേ, തിരുനാമം ഭൂമിയിൽ എല്ലായിടവും എത്ര ശ്രേഷ്ഠമായിരിക്കുന്നു!

അവിടുത്തെ തേജസ്സ് ആകാശത്തെക്കാൾ ഉയർന്നിരിക്കുന്നു.

2 അങ്ങേയുടെ വൈരികൾ നിമിത്തം,

ശത്രുവിനെയും പ്രതിയോഗിയെയും നിശ്ശബ്ദരാക്കുവാൻ,

ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും

വായ് അങ്ങയെ മഹത്വപ്പെടുത്തുന്നു.

3 അവിടുത്തെ വിരലുകളുടെ പണിയായ ആകാശത്തെയും

അവിടുന്ന് ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,

4 മർത്യനെ ഓർക്കേണ്ടതിന് അവൻ എന്തുള്ളു?

മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം?

5 അങ്ങ് അവനെ ദൈവത്തേക്കാൾ അല്പം മാത്രം താഴ്ത്തി,

തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.

6 അങ്ങേയുടെ കൈകളുടെ പ്രവൃത്തികൾക്ക് അവനെ അധിപതിയാക്കി,

സകലത്തെയും അവന്‍റെ കാൽക്കീഴാക്കിയിരിക്കുന്നു;

7 ആടുകളെയും കാളകളെയും

കാട്ടിലെ മൃഗങ്ങളെയും

8 ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും

സമുദ്രമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നെ.

9 ഞങ്ങളുടെ കർത്താവായ യഹോവേ,

തിരുനാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-