Publicidade

Salmos 80

പുനരുദ്ധാരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
സംഗീതപ്രമാണിക്ക്; സാരസസാക്ഷ്യം എന്ന രാഗത്തിൽ; ആസാഫിന്‍റെ ഒരു സങ്കീർത്തനം.

1 ആട്ടിൻകൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്ന

യിസ്രായേലിന്‍റെ ഇടയനായുള്ള യഹോവേ, ചെവിക്കൊള്ളേണമേ;

കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ.

2 എഫ്രയീമും ബെന്യാമീനും മനശ്ശെയും കാണത്തക്കവിധം

അങ്ങേയുടെ വീര്യബലം ഉണർത്തി ഞങ്ങളുടെ രക്ഷക്കായി വരേണമേ.

3 ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ;

ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കേണമേ.

4 സൈന്യങ്ങളുടെ ദൈവമായ യഹോവേ,

അങ്ങേയുടെ ജനത്തിന്‍റെ പ്രാർത്ഥനയ്ക്കു നേരെ എത്രത്തോളം അങ്ങ് കോപിക്കും?

5 അങ്ങ് അവർക്ക് കണ്ണുനീരിന്‍റെ അപ്പം തിന്നുവാൻ കൊടുത്തിരിക്കുന്നു;

ധാരാളം കണ്ണുനീർ അവർക്ക് കുടിക്കുവാനും കൊടുത്തിരിക്കുന്നു.

6 അങ്ങ് ഞങ്ങളെ ഞങ്ങളുടെ അയല്ക്കാർക്ക് വഴക്കാക്കിത്തീർക്കുന്നു;

ഞങ്ങളുടെ ശത്രുക്കൾ തമ്മിൽ പറഞ്ഞു പരിഹസിക്കുന്നു.

7 സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ;

ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കേണമേ.

8 അങ്ങ് മിസ്രയീമിൽ നിന്ന് ഒരു മുന്തിരിവള്ളി കൊണ്ടു വന്നു;

ജനതകളെ നീക്കിക്കളഞ്ഞ് അതിനെ നട്ടു.

9 അങ്ങ് അതിന് തടം എടുത്തു

അത് വേരൂന്നി ദേശത്ത് പടർന്നു.

10 അതിന്‍റെ നിഴൽകൊണ്ട് പർവ്വതങ്ങൾ മൂടിയിരുന്നു;

അതിന്‍റെ കൊമ്പുകൾ ദിവ്യദേവദാരുക്കൾപോലെയും ആയിരുന്നു.

11 അത് കൊമ്പുകളെ സമുദ്രംവരെയും

ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.

12 വഴിപോകുന്നവർ എല്ലാം അത് പറിക്കുവാൻ തക്കവണ്ണം

അവിടുന്ന് അതിന്‍റെ വേലികൾ പൊളിച്ചുകളഞ്ഞത് എന്ത്?

13 കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു;

വയലിലെ മൃഗങ്ങൾ അത് തിന്നുകളയുന്നു.

14 സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ;

സ്വർഗ്ഗത്തിൽനിന്നു കടാക്ഷിച്ച്

ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ.

15 അങ്ങേയുടെ വലങ്കൈ നട്ടതും

അങ്ങേയ്ക്കായി വളർത്തിയതുമായ ഈ തൈയ്യെയും പരിപാലിക്കേണമേ.

16 അതിനെ തീവച്ചു ചുടുകയും വെട്ടിക്കളയുകയും ചെയ്തിരിക്കുന്നു;

അങ്ങേയുടെ മുഖത്തുനിന്നുള്ള ഭർസനത്താൽ അവർ നശിച്ചുപോകുന്നു.

17 അങ്ങേയുടെ കൈ അവിടുത്തെ വലത്തുഭാഗത്തെ പുരുഷന്‍റെമേൽ

അങ്ങേയ്ക്കായി വളർത്തിയ മനുഷ്യപുത്രന്‍റെ മേൽതന്നെ ഇരിക്കട്ടെ.

18 എന്നാൽ ഞങ്ങൾ അങ്ങയെ വിട്ടു പിന്മാറുകയില്ല;

ഞങ്ങളെ ജീവിപ്പിക്കേണമേ, എന്നാൽ ഞങ്ങൾ അങ്ങേയുടെ നാമത്തെ വിളിച്ചപേക്ഷിക്കും.

19 സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ;

ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കേണമേ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-