Publicidade

Salmos 34

നീതിമാന്മാരുടെ രക്ഷകനായ ദൈവം
ദാവീദ് അബീമേലെക്കിന്‍റെ മുൻപിൽ വച്ചു ബുദ്ധിഭ്രമം നടിക്കുകയും അവിടെനിന്ന് അവനെ പുറത്താക്കുകയും ചെയ്തപ്പോൾ പാടിയ ഒരു സങ്കീർത്തനം.

1 ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും;

അവിടുത്തെ സ്തുതി എപ്പോഴും എന്‍റെ അധരങ്ങളിൽ ഉണ്ടായിരിക്കും.

2 എന്‍റെ ഹൃദയം യഹോവയിൽ പ്രശംസിക്കുന്നു;

താഴ്മയുള്ളവർ അത് കേട്ടു സന്തോഷിക്കും.

3 എന്നോടൊപ്പം യഹോവയുടെ മഹത്വത്തെ ഘോഷിക്കുവിൻ;

നാം ഒന്നിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കുക.

4 ഞാൻ യഹോവയോട് അപേക്ഷിച്ചു; അവിടുന്ന് എനിക്ക് ഉത്തരമരുളി;

എന്‍റെ സകല ഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.

5 അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി;

അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.

6 ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു;

അവന്‍റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.

7 യഹോവയുടെ ദൂതൻ അവിടുത്തെ ഭക്തന്മാരുടെ ചുറ്റും

പാളയമിറങ്ങി അവരെ വിടുവിക്കുന്നു.

8 യഹോവ നല്ലവൻ എന്നു രുചിച്ചറിയുവിൻ;

അവിടുത്തെ ശരണം പ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ.

9 യഹോവയുടെ വിശുദ്ധന്മാരേ, അവിടുത്തെ ഭയപ്പെടുവിൻ;

ദൈവഭക്തന്മാർക്ക് ഒരു കുറവും ഇല്ലല്ലോ.

10 ബാലസിംഹങ്ങൾ പോലും ഇരകിട്ടാതെ വിശന്നിരിക്കാം;

യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മയ്ക്കും കുറവുണ്ടാകുകയില്ല.

11 മക്കളേ, വന്ന് എനിക്ക് ചെവിതരുവിൻ;

യഹോവാഭക്തി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരാം.

12 ജീവനെ ആഗ്രഹിക്കുകയും

ദീർഘായുസ്സോടെയിരുന്ന് നന്മ കാണുവാൻ ഇച്ഛിക്കുകയും ചെയ്യുന്നവൻ ആര്‍?

13 ദോഷം ചെയ്യാതെ നിന്‍റെ നാവിനെയും

വ്യാജം പറയാതെ നിന്‍റെ അധരത്തെയും കാത്തുകൊള്ളുക;

14 ദോഷം വിട്ടകന്ന് നന്മചെയ്യുക;

സമാധാനം അന്വേഷിച്ച് അതിനെ പിന്തുടരുക.

15 യഹോവയുടെ കണ്ണ് നീതിമാന്മാരുടെമേലും

അവിടുത്തെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.

16 ദുഷ്പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്ന് മായിച്ചു കളയേണ്ടതിന്

യഹോവയുടെ മുഖം അവർക്ക് പ്രതികൂലമായിരിക്കുന്നു.

17 നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു,

സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.

18 ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ;

മനസ്സു തകർന്നവരെ അവിടുന്ന് രക്ഷിക്കുന്നു.

19 നീതിമാന്‍റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു;

അവയിൽ നിന്നെല്ലാം യഹോവ അവനെ വിടുവിക്കുന്നു.

20 അവന്‍റെ അസ്ഥികൾ എല്ലാം അവിടുന്ന് സൂക്ഷിക്കുന്നു;

അവയിൽ ഒന്നും ഒടിഞ്ഞുപോകുകയില്ല.

21 തിന്മ ദുഷ്ടനെ കൊല്ലുന്നു;

നീതിമാനെ വെറുക്കുന്നവർ ശിക്ഷ അനുഭവിക്കും.

22 യഹോവ തന്‍റെ ദാസന്മാരുടെ പ്രാണനെ രക്ഷിക്കുന്നു;

ദൈവത്തെ ശരണമാക്കുന്നവർ ആരും ശിക്ഷ അനുഭവിക്കുകയില്ല.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-