Publicidade

Salmos 39

ജ്ഞാനത്തിനും ക്ഷമയ്ക്കും വേണ്ടിയുള്ള പ്രാർത്ഥന
യെദൂഥൂൻ എന്ന സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 നാവ് കൊണ്ടു പാപം ചെയ്യാതിരിക്കുവാൻ

ഞാൻ എന്‍റെ വഴികളെ സൂക്ഷിക്കുമെന്നും,

ദുഷ്ടൻ എന്‍റെ മുമ്പിൽ ഇരിക്കുമ്പോൾ

എന്‍റെ അധരം കടിഞ്ഞാണിട്ട് അടക്കിവക്കും എന്നും ഞാൻ പറഞ്ഞു.

2 ഞാൻ സംസാരിക്കാതെ ഊമനായിരുന്നു;

നന്മയായ കാര്യങ്ങൾ പോലും ഉച്ചരിയ്ക്കാതെ മൗനമായിരുന്നു;

എന്‍റെ ഉള്ളിൽ സങ്കടം പൊങ്ങിവന്നു.

3 എന്‍റെ ഹൃദയത്തിന് ചൂട് പിടിച്ചു,

എന്‍റെ ധ്യാനത്തിൽ തീ കത്തി;

അപ്പോൾ ഞാൻ നാവെടുത്ത് സംസാരിച്ചു.

4 യഹോവേ, എന്‍റെ അവസാനത്തെക്കുറിച്ചും,

എന്‍റെ ആയുസ്സ് എത്ര എന്നതും എന്നെ അറിയിക്കേണമേ;

ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയട്ടെ.

5 ഇതാ, അവിടുന്ന് എന്‍റെ നാളുകൾ നാലുവിരൽ നീളമാക്കിയിരിക്കുന്നു;

എന്‍റെ ആയുസ്സ് തിരുമുമ്പാകെ ഏതുമില്ല;

ഏതു മനുഷ്യനും ഉറച്ച് നിൽക്കുമ്പോഴും ഒരു ശ്വാസം മാത്രമാകുന്നു. സേലാ.

6 നിശ്ചയമായും മനുഷ്യരെല്ലാം വെറും നിഴൽപോലെ നടക്കുന്നു;

അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു;

അവർ ധനം സമ്പാദിക്കുന്നു; ആര്‍ അനുഭവിക്കും എന്നറിയുന്നില്ല.

7 "എന്നാൽ കർത്താവേ, ഞാൻ എന്തിനായി കാത്തിരിക്കുന്നു?

എന്‍റെ പ്രത്യാശ അങ്ങയിൽ വച്ചിരിക്കുന്നു.

8 എന്‍റെ സകല പാപങ്ങളിൽ നിന്നും എന്നെ രക്ഷിക്കേണമേ;

എന്നെ ഭോഷന് നിന്ദയാക്കി വെക്കരുതേ.

9 ഞാൻ വായ് തുറക്കാതെ മൗനമായിരുന്നു;

അങ്ങല്ലോ അങ്ങനെ വരുത്തിയത്.

10 അവിടുത്തെ ബാധ എന്നിൽനിന്ന് നീക്കേണമേ;

അങ്ങേയുടെ അടിയേറ്റ് ഞാൻ ക്ഷയിച്ചിരിക്കുന്നു.

11 "പാപം ചെയ്യുന്ന മനുഷ്യനെ അങ്ങ് ദണ്ഡനത്താൽ ശിക്ഷിക്കുമ്പോൾ

അവിടുന്ന് അവന്‍റെ സൗന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു;

ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം ആകുന്നു. സേലാ.

12 "യഹോവേ, എന്‍റെ പ്രാർത്ഥന കേട്ടു എന്‍റെ അപേക്ഷ ചെവിക്കൊള്ളേണമേ.

എന്‍റെ കണ്ണുനീർ കണ്ടു മിണ്ടാതിരിക്കരുതേ;

ഞാൻ എന്‍റെ സകലപിതാക്കന്മാരെയും പോലെ

തിരുസന്നിധിയിൽ അന്യനും പരദേശിയും ആകുന്നുവല്ലോ.

13 ഞാൻ ഇവിടെനിന്ന് പോയി ഇല്ലാതെയാകുന്നതിന് മുമ്പ്

ഉന്മേഷം പ്രാപിക്കേണ്ടതിന് അവിടുത്തെ നോട്ടം എന്നിൽനിന്ന് മാറ്റണമേ."

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-