Publicidade

Salmos 84

ദൈവത്തിന്‍റെ ആലയം
സംഗീതപ്രമാണിക്ക്; ഗത്ഥ്യരാഗത്തിൽ; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.

1 സൈന്യങ്ങളുടെ യഹോവേ,

തിരുനിവാസം എത്ര മനോഹരം!

2 എന്‍റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹാലസ്യപ്പെട്ടു പോകുന്നു;

എന്‍റെ ഹൃദയവും എന്‍റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.

3 കുരികിൽ ഒരു വീടും, മീവൽപക്ഷി കുഞ്ഞുങ്ങൾക്ക് ഒരു കൂടും കണ്ടെത്തിയിരിക്കുന്നു;

എന്‍റെ രാജാവും എന്‍റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, അവിടുത്തെ യാഗപീഠങ്ങളെ തന്നെ.

4 അങ്ങേയുടെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ;

അവർ അങ്ങയെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.

5 ബലം അങ്ങയിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ;

ഇങ്ങനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ട്.

6 കണ്ണുനീർ താഴ്വരയിൽകൂടി കടക്കുമ്പോൾ അവർ അതിനെ ജലാശയമാക്കിത്തീർക്കുന്നു.

മുന്മഴയാൽ അത് അനുഗ്രഹപൂർണ്ണമായിത്തീരുന്നു.

7 അവർ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു;

എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു.

8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്‍റെ പ്രാർത്ഥന കേൾക്കേണമേ;

യാക്കോബിന്‍റെ ദൈവമേ, ചെവിക്കൊള്ളേണമേ. സേലാ.

9 ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കേണമേ;

അങ്ങേയുടെ അഭിഷിക്തന്‍റെ മുഖത്തെ കടാക്ഷിക്കേണമേ;

10 അങ്ങേയുടെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം

വേറെ ആയിരം ദിവസത്തേക്കാൾ ഉത്തമമല്ലയോ?

ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ വസിക്കുന്നതിനെക്കാൾ

എന്‍റെ ദൈവത്തിന്‍റെ ആലയത്തിൽ വാതിൽ കാവല്ക്കാരനായിരിക്കുന്നതാണ് എനിക്ക് ഏറെ ഇഷ്ടം.

11 യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു;

യഹോവ കൃപയും മഹത്വവും നല്കുന്നു;

നേർബുദ്ധിയോടെ നടക്കുന്നവർക്ക് അവിടുന്ന് ഒരു നന്മയും മുടക്കുകയില്ല.

12 സൈന്യങ്ങളുടെ യഹോവേ,

അങ്ങയിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-