Publicidade

Salmos 48

സീയോൻ്റെ മഹത്വവും ശക്തിയും
ഒരു ഗീതം. കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.

1 നമ്മുടെ ദൈവത്തിന്‍റെ നഗരത്തിൽ, കർത്താവിന്‍റെ വിശുദ്ധപർവ്വതത്തിൽ

യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു.

2 മഹാരാജാവിന്‍റെ നഗരമായ ഉത്തരദിശയിലുള്ള സീയോൻപർവ്വതം

ഉയരംകൊണ്ട് മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു.

3 അതിന്‍റെ അരമനകളിൽ ദൈവം

ഒരു ദുർഗ്ഗമായി വെളിപ്പെട്ട് വന്നിരിക്കുന്നു.

4 ഇതാ, രാജാക്കന്മാർ കൂട്ടംകൂടി;

അവർ ഒന്നിച്ച് കടന്നുപോയി.

5 അവർ അത് കണ്ടു അമ്പരന്നു,

അവർ പരിഭ്രമിച്ച് ഓടിപ്പോയി.

6 അവർക്ക് അവിടെ വിറയൽ പിടിച്ചു;

നോവു കിട്ടിയവളെപ്പോലെ വേദന പിടിച്ചു.

7 അവിടുന്ന് കിഴക്കൻ കാറ്റുകൊണ്ട്

തർശ്ശീശ് കപ്പലുകൾ തകർത്ത് കളയുന്നു.

8 നാം കേട്ടതുപോലെ തന്നെ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ,

നമ്മുടെ ദൈവത്തിന്‍റെ നഗരത്തിൽ കണ്ടിരിക്കുന്നു;

ദൈവം അതിനെ സദാകാലത്തേക്കും ഉറപ്പിക്കുന്നു. സേലാ.

9 ദൈവമേ, അങ്ങേയുടെ മന്ദിരത്തിൽ വച്ചു

ഞങ്ങൾ അവിടുത്തെ ദയയെക്കുറിച്ച് ചിന്തിക്കുന്നു.

10 ദൈവമേ, തിരുനാമംപോലെ തന്നെ

അങ്ങേയുടെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു;

അങ്ങേയുടെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു.

11 അവിടുത്തെ ന്യായവിധികൾനിമിത്തം സീയോൻപർവ്വതം സന്തോഷിക്കുകയും

യെഹൂദാജനം ആനന്ദിക്കുകയും ചെയ്യുന്നു.

12 സീയോനെ ചുറ്റിനടക്കുവിൻ; അതിനെ പ്രദക്ഷിണം ചെയ്യുവിൻ;

അതിന്‍റെ ഗോപുരങ്ങൾ എണ്ണുവിൻ.

13 വരുവാനുള്ള തലമുറയോട് അറിയിക്കേണ്ടതിന്

അതിന്‍റെ കൊത്തളങ്ങൾ ശ്രദ്ധിച്ച് അരമനകൾ നടന്ന് നോക്കുവിൻ.

14 ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവം ആകുന്നു;

അവിടുന്ന് നമ്മെ ജീവപര്യന്തം വഴിനടത്തും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-