Publicidade

Salmos 66

യിസ്രായേലിനു ദൈവം നല്കിയ നന്മയ്ക്ക് സ്തുതി
സംഗീതപ്രമാണിക്ക്; ഒരു ഗീതം; ഒരു സങ്കീർത്തനം.

1 സർവ്വഭൂമിയും, ദൈവത്തെ ആഘോഷിക്കട്ടെ;

2 ദൈവനാമത്തിന്‍റെ മഹത്വം കീർത്തിക്കുവിൻ;

അവിടുത്തെ സ്തുതി മഹത്വപൂർണമാക്കുവിൻ.

3 "അങ്ങേയുടെ പ്രവൃത്തികൾ എത്ര ഭയങ്കരം;

അങ്ങേയുടെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ അങ്ങേക്ക് കീഴടങ്ങും;

4 സർവ്വഭൂമിയും അങ്ങയെ നമസ്കരിച്ച് പാടും;

അവർ തിരുനാമത്തിന് കീർത്തനം പാടും" എന്നിങ്ങനെ ദൈവത്തോട് പറയുവിൻ. സേലാ.

5 വന്ന് ദൈവത്തിന്‍റെ പ്രവൃത്തികളെ നോക്കുവിൻ;

ദൈവം മനുഷ്യപുത്രന്മാരോടുള്ള തന്‍റെ പ്രവൃത്തിയിൽ ഭയങ്കരൻ.

6 കർത്താവ് സമുദ്രത്തെ ഉണങ്ങിയ നിലമാക്കി;

അവർ കാൽനടയായി നദി കടന്നുപോയി;

അവിടെ നാം കർത്താവിൽ സന്തോഷിച്ചു.

7 ദൈവം തന്‍റെ ശക്തിയാൽ എന്നേക്കും വാഴുന്നു;

അവിടുത്തെ കണ്ണ് ജനതകളെ നോക്കുന്നു;

മത്സരക്കാർ സ്വയം ഉയർത്തരുതേ. സേലാ.

8 വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ;

കർത്താവിന്‍റെ സ്തുതി ഉച്ചത്തിൽ കേൾപ്പിക്കുവിൻ.

9 അവിടുന്ന് നമ്മെ ജീവനോടെ കാക്കുന്നു;

നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല.

10 ദൈവമേ, അങ്ങ് ഞങ്ങളെ പരിശോധിച്ചിരിക്കുന്നു;

വെള്ളി ഊതിക്കഴിക്കും പോലെ അങ്ങ് ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.

11 അങ്ങ് ഞങ്ങളെ വലയിൽ അകപ്പെടുത്തി;

ഞങ്ങളുടെ മുതുകത്ത് ഒരു വലിയ ഭാരം വച്ചിരിക്കുന്നു.

12 അങ്ങ് മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി;

ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു;

എങ്കിലും അങ്ങ് ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.

13 ഞാൻ ഹോമയാഗങ്ങളുമായി അങ്ങേയുടെ ആലയത്തിലേക്ക് വരും;

അങ്ങേക്കുള്ള എന്‍റെ നേർച്ചകളെ ഞാൻ കഴിക്കും.

14 ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ

അവ എന്‍റെ അധരങ്ങളാൽ ഉച്ചരിച്ചു, എന്‍റെ വായാൽ നേർന്നു.

15 ഞാൻ ആട്ടുകൊറ്റന്മാരുടെ സൗരഭ്യവാസനയോടു കൂടി

തടിച്ച മൃഗങ്ങളെ അങ്ങേക്ക് ഹോമയാഗം കഴിക്കും;

ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അർപ്പിക്കും. സേലാ.

16 സകലഭക്തന്മാരുമേ, വന്നു കേൾക്കുവിൻ;

അവൻ എന്‍റെ പ്രാണനുവേണ്ടി ചെയ്തത് ഞാൻ വിവരിക്കാം.

17 ഞാൻ എന്‍റെ അധരം കൊണ്ടു കർത്താവിനോട് നിലവിളിച്ചു;

എന്‍റെ നാവിന്മേൽ അവിടുത്തെ പുകഴ്ച ഉണ്ടായിരുന്നു.

18 ഞാൻ എന്‍റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ

കർത്താവ് കേൾക്കുകയില്ലായിരുന്നു.

19 എന്നാൽ ദൈവം കേട്ടിരിക്കുന്നു;

എന്‍റെ പ്രാർത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു;

20 എന്‍റെ പ്രാർത്ഥന തള്ളിക്കളയാതെയും

തന്‍റെ ദയ എന്നിൽനിന്ന് എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_18-40-07-