Publicidade

Salmos 33

ദൈവത്തിന്‍റെ മഹത്വവും നന്മയും

1 നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിക്കുവിൻ;

സ്തുതിക്കുന്നത് നേരുള്ളവർക്ക് ഉചിതമല്ലയോ?.

2 കിന്നരം കൊണ്ടു യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ;

പത്തു കമ്പിയുള്ള വീണകൊണ്ട് കർത്താവിന് സ്തുതിപാടുവിൻ.

3 കർത്താവിന് പുതിയ പാട്ടുപാടുവിൻ;

ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിക്കുവിൻ.

4 യഹോവയുടെ വചനം നേരുള്ളത്;

കർത്താവിന്‍റെ സകലപ്രവൃത്തികളും വിശ്വസ്തതയുള്ളത്.

5 കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു;

യഹോവയുടെ ദയകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.

6 യഹോവയുടെ വചനത്താൽ ആകാശവും

അവിടുത്തെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;

7 കർത്താവ് സമുദ്രത്തിലെ വെള്ളം കൂമ്പാരമായി കൂട്ടുന്നു;

അവിടുന്ന് ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു.

8 സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ;

ഭൂതലത്തിൽ വസിക്കുന്നവരെല്ലാം അവിടുത്തെ ശങ്കിക്കട്ടെ.

9 കർത്താവ് അരുളിച്ചെയ്തു; ലോകം സൃഷ്ടിക്കപ്പെട്ടു;

അവിടുന്ന് കല്പിച്ചു; എല്ലാം പ്രത്യക്ഷമായി.

10 യഹോവ ജനതകളുടെ ആലോചന വ്യർത്ഥമാക്കുന്നു;

വംശങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു.

11 യഹോവയുടെ ആലോചന ശാശ്വതമായും

അവിടുത്തെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നിലകൊള്ളുന്നു.

12 യഹോവ ദൈവമായിരിക്കുന്ന ജനങ്ങളും

അവിടുന്ന് തനിക്കു അവകാശമായി തിരഞ്ഞെടുത്ത സമൂഹവും ഭാഗ്യമുള്ളത്.

13 യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു;

മനുഷ്യപുത്രന്മാരെ എല്ലാം കാണുന്നു.

14 അവൻ സിംഹാസനസ്ഥനായിരിക്കുന്ന സ്ഥലത്തുനിന്ന്

സർവ്വഭൂവാസികളെയും നോക്കുന്നു.

15 കർത്താവ് അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു;

അവരുടെ പ്രവൃത്തികൾ സകലവും അവിടുന്ന് ഗ്രഹിക്കുന്നു.

16 സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല;

ബലാധിക്യം കൊണ്ടു വീരൻ രക്ഷപെടുന്നതുമില്ല.

17 ജയത്തിന് കുതിര വ്യർത്ഥമാകുന്നു;

തന്‍റെ ബലാധിക്യം കൊണ്ടു അത് വിടുവിക്കുന്നതുമില്ല.

18 യഹോവയുടെ ദൃഷ്ടി തന്‍റെ ഭക്തന്മാരുടെമേലും

തന്‍റെ ദയയ്ക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;

19 അവരുടെ പ്രാണനെ മരണത്തിൽനിന്ന് വിടുവിക്കുവാനും

ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിക്കുവാനും തന്നെ.

20 നമ്മുടെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു;

അവിടുന്ന് നമ്മുടെ സഹായവും പരിചയും ആകുന്നു.

21 കർത്താവിന്‍റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കുകയാൽ

നമ്മുടെ ഹൃദയം അങ്ങയിൽ സന്തോഷിക്കും.

22 യഹോവേ, ഞങ്ങൾ അങ്ങയിൽ പ്രത്യാശവക്കുന്നതുപോലെ

അങ്ങേയുടെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-