Publicidade

Salmos 143

സഹായത്തിനുവേണ്ടിയുള്ള പ്രാർത്ഥന
ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 യഹോവേ, എന്‍റെ പ്രാർത്ഥന കേട്ടു, എന്‍റെ വിനീത അഭ്യർത്ഥനകൾക്ക് ചെവിതരേണമേ;

അങ്ങേയുടെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളേണമേ.

2 അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതേ;

ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകുകയില്ലല്ലോ.

3 ശത്രു എന്‍റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു;

അവൻ എന്നെ നിലത്തിട്ട് തകർത്തിരിക്കുന്നു;

പണ്ടുതന്നെ മരിച്ചവരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.

4 ആകയാൽ എന്‍റെ മനസ്സ് എന്‍റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു;

എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു.

5 ഞാൻ പണ്ടത്തെ നാളുകൾ ഓർക്കുന്നു;

അങ്ങേയുടെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു;

അങ്ങേയുടെ കൈകളുടെ പ്രവൃത്തിയെപ്പറ്റി ഞാൻ ചിന്തിക്കുന്നു.

6 ഞാൻ എന്‍റെ കൈകൾ അങ്ങയിലേക്കു മലർത്തുന്നു;

വരണ്ട നിലംപോലെ എന്‍റെ പ്രാണൻ അങ്ങേയ്ക്കായി ദാഹിക്കുന്നു. സേലാ.

7 യഹോവേ, വേഗം എനിക്ക് ഉത്തരമരുളേണമേ;

എന്‍റെ ആത്മാവ് ക്ഷീണിക്കുന്നു.

ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിക്കുവാൻ

അങ്ങേയുടെ മുഖം എനിക്ക് മറയ്ക്കരുതേ.

8 രാവിലെ അങ്ങേയുടെ ആർദ്രകരുണയെപ്പറ്റി എന്നെ കേൾപ്പിക്കേണമേ;

ഞാൻ അങ്ങയിൽ ആശ്രയിക്കുന്നുവല്ലോ;

ഞാൻ നടക്കേണ്ട വഴി എന്നെ അറിയിക്കേണമേ;

ഞാൻ എന്‍റെ ഉള്ളം അങ്ങയിലേക്ക് ഉയർത്തുന്നുവല്ലോ.

9 യഹോവേ, എന്‍റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ;

അങ്ങേയുടെ അടുക്കൽ ഞാൻ സങ്കേതത്തിനായി വരുന്നു.

10 അങ്ങേയുടെ ഇഷ്ടം ചെയ്യുവാൻ എന്നെ പഠിപ്പിക്കേണമേ.

അങ്ങ് എന്‍റെ ദൈവമാകുന്നുവല്ലോ;

അങ്ങേയുടെ നല്ല ആത്മാവ് നേരായ മാർഗ്ഗത്തിൽ

എന്നെ നടത്തുമാറാകട്ടെ.

11 യഹോവേ, അങ്ങേയുടെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ;

അങ്ങേയുടെ നീതിയാൽ എന്‍റെ പ്രാണനെ കഷ്ടതയിൽനിന്ന് ഉദ്ധരിക്കേണമേ.

12 അങ്ങേയുടെ ദയയാൽ എന്‍റെ ശത്രുക്കളെ സംഹരിക്കേണമേ;

എന്‍റെ പ്രാണനെ പീഡിപ്പിക്കുന്ന എല്ലാവരെയും നശിപ്പിക്കേണമേ;

ഞാൻ അങ്ങേയുടെ ദാസൻ ആകുന്നുവല്ലോ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_18-40-07-